ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍ ; ആശംസകളുമായി സോണിയയും പ്രിയങ്കയും
കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു.രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിത് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തതിന് പിന്നാലെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍. അധ്യക്ഷ തിരഞ്ഞടുപ്പില്‍ ഖാര്‍ഗെയുടെ എതിരാളിയായിരുന്നു തരൂര്‍. തെരഞ്ഞടുപ്പില്‍ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ തരൂര്‍ നേടി. എണ്ണായിരത്തോളം വോട്ടു നേടിയാണ് ഖാര്‍ഗെയുടെ വിജയം. ആയിരത്തിലധികം പേരുടെ പിന്തുണ തനിക്കു ലഭിച്ചത് വലിയ നേട്ടമാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ നയിക്കുകയെന്നത് വലിയൊരു ബഹുമതിയും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമാണ്. പുതിയ ദൗത്യത്തില്‍ ഖാര്‍ഗെജിയ്ക്ക് എല്ലാവിധ ആശംസകളും. ആയിരത്തിലധികം സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചത് ബഹുമതിയായി കണക്കാക്കുന്നു.രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ നന്മ കൊതിക്കുന്നവരുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമുള്ള അംഗീകാരമാണിത് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമെന്നും ശശി തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഭൂരിപക്ഷവും ഖാര്‍ഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പറഞ്ഞ് തരൂര്‍, തന്റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്. ടേണും പിച്ചും ഉള്ള ഫീല്‍ഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോള്‍ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളില്‍ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഖാര്‍ഗെ ഉപദേശം ചോദിച്ചാല്‍ താന്‍ പ്രകടനപത്രികയിലൂടെ മുന്നോട്ട് വച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറയുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ എന്റെ ഭാവി ഓര്‍ത്തല്ല മത്സരിച്ചതെന്നും പാര്‍ട്ടിയുടേയും രാജ്യത്തിന്റെയും ഭാവിക്കായാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവി ഓര്‍ത്ത് ആശങ്കയില്ലെന്ന് ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിക്കുന്ന ദിവസമാണ് ഇന്ന്. ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നെടുംതൂണായി തുടരും. പാര്‍ട്ടി ഖാര്‍ഗെയുടെ കീഴില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പടെ നിരവധി നേതാക്കളും ഖാര്‍ഗെയെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയുടെ ജനാധിപത്യ കാഴ്ചപ്പാടിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ചരിത്ര പരമായ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രത്യയശാസ്ത്ര പതിബദ്ധതയും പാര്‍ട്ടിയെ മുന്നോട്ടുനയിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
ആവേശമായി തീര്‍ന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9385 വോട്ടുകളില്‍ 7897 ഉം നേടിയാണ് ഖര്‍ഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 416 വോട്ടുകള്‍ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖര്‍ഗെയെ വസതിയിലെത്തി ശശി തരൂര്‍ സന്ദര്‍ശിച്ചതും ശ്രദ്ധേയമായി.