വിലവർദ്ധന: പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്

Update: 2022-11-09 12:58 GMT

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയുമായി ബന്ധപ്പെട്ട് ജില്ലയിൽ പരിശോധന കടുപ്പിച്ച് സ്പെഷ്യല്‍ സ്ക്വാഡ്. നിത്യോപയോഗ സാധനങ്ങളുടെ പ്രത്യേകിച്ച്, അരിയുടെ വിലവർദ്ധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തി വെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് ജില്ലയിലെ 231 മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്.  


ക്രമക്കേടുകളെ തുടര്‍ന്ന് 54 കച്ചവട സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പര്‍ച്ചേസ് ബിൽ ഇന്‍വോയ്‌സ് എന്നിവ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുക, സാധനങ്ങള്‍ വാങ്ങിയ വിലയിലും വില്പന വിലയിലും ക്രമാതീതമായ വ്യത്യാസം കാണുക, അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര പതിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍‍ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.


അരി വില വർദ്ധന നിയന്ത്രിക്കുന്നതിനുളള വിപണി ഇടപെടല്‍ സര്‍ക്കാര്‍ സജീവമാക്കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ വിതരണത്തിനുള്ള മുഴുവന്‍ സ്റ്റോക്കും ഈ മാസം 15 നകം എത്തിക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് സാധാരണ റേഷനു പുറമേ അധിക വിഹിതമായി പി.എം.ജി.കെ.എ.വൈ സ്ക്കീമില്‍ ആളൊന്നിന് 5 കി. ഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുണ്ട്.  


നീല കാര്‍ഡുകള്‍ക്ക് സാധാരണ റേഷനു പുറമേ അധിക വിഹിതമായി കാർഡ് ഒന്നിന് 8 കി.ഗ്രാം അരിയും വെളള കാര്‍ഡുകള്‍ക്ക് സാധാരണ റേഷനുള്‍പ്പെടെ കാർഡ് ഒന്നിന് 10 കി.ഗ്രാം അരിയും കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ഈ മാസം നൽകും. സപ്ലൈകോയുടെ വില്പനശാലകളില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടാതെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അരിവണ്ടി വഴി 10 കി.ഗ്രാം അരിയും സബ്സിഡി നിരക്കില്‍ കാര്‍ഡുടമകള്‍ക്ക് നൽകുന്നുണ്ട്.

Similar News