പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടി; സൗദിയില്‍ ഹാഷ്ടാഗ് കാംപയ്‌നുമായി ഉപഭോക്താക്കള്‍
റിയാദ്: രാജ്യത്ത് ചില പ്രമുഖ ഡയറി കമ്പനികള്‍ പാലുല്‍പന്നങ്ങളുടെ വില 18 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചതിനെതിരേ ഹാഷ്ടാഗ് കാംപയ്‌നുമായി ഉപഭോക്താക്കള്‍. വില വര്‍ധിപ്പിച്ച കമ്പനികളെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് ശക്തമായ പ്രചാരണ കാംപയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പാലുല്‍പന്നത്തിന് ഒരു റിയാല്‍ തോതിലാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചത്.
രണ്ടു വന്‍കിട ഡയറി കമ്പനികള്‍ രണ്ടു ലിറ്റര്‍ ലെബന്‍ പാക്കിന്റെ വില 8.50 റിയാലില്‍ നിന്ന് 10 റിയാലായും ഒരു ലിറ്ററിന് 4.50 റിയാലില്‍ നിന്ന് 5.50 റിയാലായും ഉയര്‍ത്തി. 1.85 ലിറ്റര്‍ പാല്‍ പാക്കിന് 7.50 ല്‍നിന്ന് 8.50 റിയാലായും വര്‍ധിപ്പിച്ചു. 1.25 റിയാലായിരുന്ന തൈരിന്റെ പാക്കിന് 1.50 റിയാലായും ഉയര്‍ത്തി. വില വര്‍ധിപ്പിച്ച ഡയറി കമ്പനികളില്‍ ഒന്ന് കഴിഞ്ഞ വര്‍ഷം 200 കോടിയോളം റിയാല്‍ ലാഭം നേടിയിരുന്നു. വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ ഡയറി കമ്പനികള്‍ വില ഉയര്‍ത്തിയത് എന്ന കാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.
വില ഉയര്‍ത്തിയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്ടാഗ് ആരംഭിച്ചു.