പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍; തകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്നും പ്രധാനമന്ത്രി
ഇസ് ലാമാബാദ്: പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ച സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ തന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
''ആര്‍വൈകെയിലെ ഭോംഗ് വിനായകക്ഷേത്രം ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു. പഞ്ചാബ് ഐജിയോട് കടുത്ത നടപടിയെടുക്കാനും ഒരു തരത്തിലുള്ള വീഴ്ചയും പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെലവില്‍ തന്നെ ക്ഷേത്രം പുനര്‍നിര്‍മിക്കും''- ഇമ്രാന്‍ ട്വീറ്റ് ചെയ്തു.
മുസ്‌ലിം സെമിനാരിയെ ഹിന്ദു ബാലന്‍ അപമാനിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ബുധനാഴ്ച ഹിന്ദു ക്ഷേത്രം ആക്രമിച്ച് തകര്‍ത്തതെന്നാണ് ദി ഡോണ്‍ റിപോര്‍ട്ട് ചെയ്തത്. ലാഹോറില്‍ നിന്ന് 590 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് ടൗണിലെ ക്ഷേത്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മതപാഠശാലയിലെ ലൈബ്രറിയില്‍ മൂത്രമൊഴിച്ച് സ്ഥാപനത്തെ അപമാനിച്ചെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച മതനിന്ദാ നിയമപ്രകാരം അറസ്റ്റിലായ ഒമ്പതുകാരനായ ഹൈന്ദവ ബാലന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ക്ഷേത്രം ആക്രമിക്കപ്പെട്ടത്.
സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സംഭവസ്ഥലത്ത് പാക് റേഞ്ചേഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ജനലുകളും വാതിലുകളും വിഗ്രഹങ്ങളും മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വളരെക്കാലമായ ഹിന്ദുമുസ്‌ലിം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്ന് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നു.
ഭരണകക്ഷിയായ തരീഖ് ഇ ഇന്‍സാഫ് നേതാവും എംപിയുമായ ഡോ.രമേശ് കുമാര്‍ വന്‍കവാനി ക്ഷേത്രത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു. ഇദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പ്രകാരം പ്രദേശിക പോലിസ് സംഭവം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നും ആരോപിക്കുന്നുണ്ട്.
ജനക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും, സംഭവംസ്ഥലം പോലിസിന്റെ നിയന്ത്രണത്തിലാണെന്നും. ക്ഷേത്രത്തിനും, നഗരത്തിലെ ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സായുധ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും റഹീംയാര്‍ ഖാന്‍ ജില്ല പോലിസ് ഓഫിസര്‍ അസാദ് സര്‍ഫാസ് പ്രതികരിച്ചു.