പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

Update: 2021-02-14 01:46 GMT

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈയില്‍ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തില്‍ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങും. പിന്നീട് പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലെത്തുക.

റിഫൈനറീസ് ക്യാംപസ് വേദിയില്‍ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തീയാക്കി വൈകീട്ട് 5.55ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങും. സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും




Similar News