പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: പാക് പാര്‍ലമെന്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സമ്മേളിക്കും
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അവിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട സാഹര്യത്തില്‍ പാക് പാര്‍ലമെന്റ് ഇന്ന് ഉച്ചക്ക് യോഗം ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. അവസാന നിമിഷം വരെ അധികാരമൊഴിയാതെ കടിച്ചുതൂങ്ങിയ ഇമ്രാന്‍ ഖാന്‍ പാതിരാത്രിക്ക് ശേഷം നടന്ന വോട്ടെടുപ്പിലാണ് പരാജയം സമ്മതിച്ചത്. അതോടെ വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് പുറത്താവുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ മാറി.
342 അംഗ പാര്‍ലമെന്റില്‍ സോഷ്യലിസ്റ്റ്, ലിബറല്‍, മതസാമുദായിക പാര്‍ട്ടികള്‍ എന്നിവര്‍ ഒന്നിച്ചതോടെയാണ് 174 പേരുടെ പിന്തുണ ഇമ്രാനെതിരേ നേടാനായത്. പ്രധാനമന്ത്രിക്ക് അവിശ്വാസം കടക്കാനുള്ള വോട്ട് 172 ആണ്.
വോട്ടെടുപ്പിന് മുമ്പ് ഇമ്രാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റില്‍നിന്ന് ഇറങ്ങിപ്പോയി. വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇമ്രാന്‍ പാര്‍ലമെന്റില്‍ ഹാജരുണ്ടായിരുന്നില്ല. പാര്‍ലമെന്റില്‍ പരാജയം സംഭവിച്ച ഉടന്‍ പ്രധാനമന്ത്രിയുടെ വസതി ഒഴിയുകയും ചെയ്തു.
ഇമ്രാന് പകരം ഷെഹ്ബാസ് ഷെരീഫിനാണ് സാധ്യത കല്‍പ്പിക്കുന്നത്. പാകിസ്താന്‍ വീണ്ടും അതിന്റെ സത്യസന്ധതയും നിയമപരതയും വീണ്ടെടുത്തെന്ന് അദ്ദേഹം പ്രതികരിച്ചു.
പിപിപി ചെയര്‍മാന്‍ ബിലവല്‍ ഭൂട്ടോ പാകിസ്താനിലെ ജനങ്ങളെ അനുമോദിച്ചു. മൂന്ന് വര്‍ഷമായി ജനാധിപത്യം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പഴയ പാകിസ്താനിലേക്ക് സ്വാഗതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.