പാകിസ്ഥാനില്‍ ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയാവാന്‍ സാധ്യത; സര്‍ക്കാരിന് പുറത്ത് നിന്നുള്ള പിന്തുണ നല്‍കും: ബിലാവല്‍ ഭൂട്ടോ
കറാച്ചി: പാകിസ്ഥാനില്‍ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് സഖ്യ സര്‍ക്കരിന് രൂപം നല്‍കാന്‍ പിഎംഎല്‍-എന്‍ നേതാവ് നവാസ് ഷെരീഫിന്റെ നീക്കം. വ്യാഴാഴ്ച്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തോടെ രാജ്യത്ത് തൂക്കുസഭയാവും ഉണ്ടാവുക എന്ന് ഉറപ്പായിരുന്നു. മന്ത്രിസഭയെ നവാസ് ഷെരീഫാകും നയിക്കുക എന്നാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെ അടുത്ത സഖ്യ സര്‍ക്കാരിനെ നയിക്കാന്‍ നവാസ് ഷെരീഫ് തന്നെ നാമനിര്‍ദ്ദേശം ചെയ്തതായി പാര്‍ട്ടി വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു.
നവാസ് ഷെരീഫിന്റെ മകളും പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായ മറിയം നവാസിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്കും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത തൂക്കു പാര്‍ലമെന്റായി പാകിസ്ഥാനിലെ സര്‍ക്കാര്‍ മാറുമെന്ന് വ്യക്തമായിരുന്നു. എന്നിരുന്നാലും, ഷെരീഫിന്റേയും മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെയും (പിപിപി) പാര്‍ട്ടികള്‍ക്ക് ഒരു പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ സീറ്റുണ്ട്.
അതേ സമയം ''പൊതു തിരഞ്ഞെടുപ്പിലെ കൃത്രിമം'' ആരോപിച്ച് ഇമ്രാന്‍ ഖാന്റെ പിടിഐയുടെ പ്രവര്‍ത്തകരും അനുഭാവികളും രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചു. പാക്കിസ്ഥാനില്‍ ജനവിധിയെ അട്ടിമറിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഇമ്രാന്റെയും പാര്‍ട്ടിയുടേയും ആരോപണം.
സര്‍ക്കാരിന് പുറമേ നിന്നുള്ള പിന്തുണ മാത്രമാണ് ഉണ്ടായിരിക്കുകയെന്ന് ബിലാവല്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂക്ലിയര്‍ സായുധ രാഷ്ട്രത്തിലെ അനിശ്ചിതത്വം നിറഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം സ്തംഭനാവസ്ഥ അവസാനിപ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്.