ഇംറാന്‍ ഖാന്റെ അറസ്റ്റിനെതിരേ പാകിസ്താനില്‍ കലാപം, തീവയ്പ്

Update: 2023-05-09 16:52 GMT

ഇസ് ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) അധ്യക്ഷനുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പാകിസ്താനില്‍ കലാപം. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ പലയിടങ്ങളിലും പോലിസ് വാഹനങ്ങള്‍ക്ക് തീയിട്ടു. ലാഹോറിലെ സൈനിക കമാന്‍ഡറുടെ വസതിയിലും പ്രതിഷേധക്കാര്‍ ഇരച്ചെത്തി. പ്രതിഷേധക്കാരെ നേരിടാന്‍ ഇസ് ലാമാബാദ്, ബലൂചിസ്താന്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹോറിലെ സൈനിക കമാന്‍ഡറുടെ വീട് പിടിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ക്വറ്റ നഗരത്തിലെ എല്ലാ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നിര്‍ദേശം നല്‍കി. ഫൈസലാബാദിലും ക്വറ്റയിലും പോലിസും പ്രവര്‍ത്കരും ഏറ്റുമുട്ടി. ലാഹോറില്‍ നിരവധി പോലിസ് വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. സൈനിക കമാന്‍ഡറുടെ വീട്ടിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ വന്‍ നാശനഷ്ടമുണ്ടാക്കി. ഇന്ന് വൈകീട്ടോടെയാണ് ഇസ്‌ലാമാബാദ് ഹൈകോടതിക്ക് മുന്നില്‍വെച്ച് പാക് അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്‌സ് ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പിലും അഴിമതിക്കേസിലുമാണ് അറസ്റ്റെന്നാണ് വിശദീകരണം. പാകിസ്താനിലെ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ് ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വധിക്കാന്‍ ശ്രമിച്ചെന്ന് ഇംറാന്‍ ആരോപിച്ചിരുന്നു. ആരോപണം ഉന്നയിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം റാലിക്കിടെ ഇംറാന് വെടിയേറ്റിരുന്നു.

Tags:    

Similar News