അമിത തുക ടോള്‍ നല്‍കില്ല;പന്നിയങ്കര ടോള്‍പ്ലാസയില്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍

ടോള്‍ തുക കുറയ്ക്കുന്നതു വരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി അറിയിച്ചു

Update: 2022-04-06 09:40 GMT
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസ വഴി നാളെ മുതല്‍ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. താല്‍കാലികമായി നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവ് തുടങ്ങിയതോടെയാണ് സ്വകാര്യ ബസ് ഉടമകള്‍ നയം വ്യക്തമാക്കി രംഗത്തെത്തിയത്.ടോള്‍ തുക കുറയ്ക്കുന്നതു വരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

അമിത തുക ടോള്‍ ആയി നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. തൃശൂര്‍ പാലക്കാട് ബസ് സര്‍വിസ് നാളെ മുതല്‍ ഉണ്ടാകില്ലെന്നും ബസുടമകള്‍ പറയുന്നു.സ്വകാര്യ ബസുകളുടെ ടോളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടേയും എംപിയുടേയും സാന്നിധ്യത്തില്‍ രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്നും ബസുടമകള്‍ പറഞ്ഞു.

50 ട്രിപ്പിന് ഒരു മാസത്തേക്ക് 9400 രൂപയാണ് ടോള്‍. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് പുതുക്കിയതോടെ, അത് 10,540 രൂപയായി ഉയര്‍ന്നു. ഇതനുസരിച്ച് പ്രതിമാസം 30,000 ലേറെ രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത്രയും ഉയര്‍ന്ന തുക ടോള്‍ നല്‍കി സര്‍വിസ് തുടരാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

ടോള്‍ വിഷയത്തില്‍ കരാര്‍ കമ്പനി ഒരുവിധത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറാകുന്നില്ലെന്ന് ടോള്‍പ്ലാസയ്ക്കു മുന്നിലെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത പി പി സുമോദ് എംഎല്‍എ കുറ്റപ്പെടുത്തി. ദേശീയ പാത അതോറിട്ടി നിശ്ചയിച്ച തുകയാണ് ഇതെന്നും, തങ്ങള്‍ക്ക് ഇതില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നു.

സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാമ്.ഈ മാസം ഒന്നാം തീയതി മുതല്‍ ഇവിടെ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടു ചര്‍ച്ചകള്‍ക്കൊടുവില്‍ അത് അഞ്ചാം തീയതിയിലേക്കു നീട്ടുകയായിരുന്നു.നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പോലിസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്.എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചു.


Tags:    

Similar News