പന്നിയങ്കരയില്‍ ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രദേശവാസികള്‍ക്കും ഇളവില്ല
ഇന്ന് രാവിലെ 9 മുതല്‍ ആണ് ടോള്‍ പിരിക്കുക. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്
പാലക്കാട്: പന്നിയങ്കരയില്‍ ടോള്‍ പിരിവ് ഇന്ന് മുതല്‍ ആരംഭിക്കും. പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യ യാത്ര നിര്‍ത്തലാക്കിയതായി കരാര്‍ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസ്സുകള്‍ക്കും ഇളവ് നല്‍കില്ല. ഇന്ന് രാവിലെ 9 മുതല്‍ ആണ് ടോള്‍ പിരിക്കുക. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്
രമ്യ ഹരിദാസ് എംപി, പി.പി സുമോദ് എംഎല്‍എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
ടോള്‍ നല്‍കേണ്ടി വന്നാല്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതിമാസം 9400 രൂപ നല്‍കാനാകില്ലെന്നാണ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയതോടെ ശക്തമായ പ്രതിഷേധവും ടോള്‍ പ്ലാസയില്‍ നടന്നു. ഇന്ന് ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ കടുത്ത പ്രതിഷേധത്തിനും സാധ്യതയുണ്ട്.