സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ബിജെപി സർക്കാർ യുവതലമുറയുടെ സ്വപ്നങ്ങൾ തകർത്തു -പ്രിയങ്ക ഗാന്ധി

Update: 2024-06-15 05:51 GMT

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അധികാരമേറ്റെടുത്തയുടന്‍ തന്നെ നിങ്ങള്‍ യുവതലമുറയുടെ സ്വപ്നങ്ങളാണ് തകര്‍ത്തുകളഞ്ഞത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തയുടന്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ക്കാന്‍ ശ്രമം തുടങ്ങി. നീറ്റ് പരീക്ഷാ ഫലത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ധിക്കാരപരമായ പ്രതികരണം 24 ലക്ഷം വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്ക പൂര്‍ണമായും അവഗണിക്കുന്നു. ഇപ്പോള്‍ നടക്കുന്നതൊന്നും വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) മെയ് 5 ന് 4,750 കേന്ദ്രങ്ങളിലായി 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നുവെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ വിവാദമായ ഗ്രേസ് മാര്‍ക്കും കാരണം നീറ്റിന്റെ സുതാര്യത തന്നെ ഇല്ലാതായി. നാളിതുവരെ ഇല്ലാത്ത രീതിയില്‍ 67 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടിയതില്‍ ആശങ്കയുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. യുവാക്കളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ലക്ഷക്കണക്കിന് യുവാക്കളെയും അവരുടെ മാതാപിതാക്കളെയും അവഗണിച്ച് ആരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. ഈ കുത്തഴിഞ്ഞ പരീക്ഷാ സമ്പ്രദായത്തിന്റെ അള്‍ത്താരയില്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ ബലികഴിക്കപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ അവഗണിക്കുന്നതിനുപകരം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും അവയില്‍ നടപടിയെടുക്കണമെന്നും പ്രിയങ്ക എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ അഹംഭാവം ഉപേക്ഷിച്ച് യുവാക്കളുടെ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും പരീക്ഷകളിലെ അഴിമതി തടയാന്‍ നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News