പ്രിയങ്ക നാളെ സത്യപ്രതിജ്ഞ ചെയ്യും; മലയാള പഠനവും തുടങ്ങി

ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും നിവേദനങ്ങള്‍ വായിക്കുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കാനും സാധിക്കുന്ന രീതിയില്‍ മലയാളം പഠിക്കാനും പ്രിയങ്ക തീരുമാനിച്ചു.

Update: 2024-11-24 03:53 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന നാളെ പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടില്‍ 2024ല്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് ജയം. ഭൂരിപക്ഷത്തില്‍ പാതിയും സമ്മാനിച്ചത് മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളാണ്. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലായി 2,02,612 വോട്ടാണ് പ്രിയങ്കാഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം. വണ്ടൂര്‍ 73,276, നിലമ്പൂര്‍ 65,132, ഏറനാട് 64,204 എന്നിങ്ങനെയാണ് ഭൂരിപക്ഷക്കണക്ക്.

അതേസമയം, ജനങ്ങളുമായി നേരിട്ട് സംസാരിക്കാനും നിവേദനങ്ങള്‍ വായിക്കുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കാനും സാധിക്കുന്ന രീതിയില്‍ മലയാളം പഠിക്കാനും പ്രിയങ്ക തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെത്തിയത് മുതല്‍ ഓരോദിവസവും യുഡിഎഫ് പ്രവര്‍ത്തകരോട് സംസാരിച്ചു ഒരു മലയാളം വാക്കെങ്കിലും പഠിക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് മലയാളം പഠിക്കാന്‍ ഒരു അധ്യാപികയെ നിയമിക്കണമെന്ന നിര്‍ദേശം തലമുതിര്‍ന്ന നേതാവ് തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഹിന്ദി, ഇംഗഌഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ പ്രിയങ്കയ്ക്ക് വഴങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഫ്രഞ്ചിലും ഇറ്റാലിയനിലുമാണ് വൈദികരോട് സംസാരിച്ചത്. തമിഴും ഏറെക്കുറെ പറയാന്‍ സാധിക്കും.

Tags:    

Similar News