ന്യൂഡൽഹി: ബുൾഡോസർ നിർമാണ കമ്പനിയായ ജെസിബി ഇന്ത്യയിൽ ഏർപ്പെടുത്തുന്ന സാഹിത്യ പുരസ്കാരത്തിനെതിരേ എഴുത്തുകാർ. വീടുകൾ ഇടിച്ചുനിരത്തുന്ന ഭരണകൂടങ്ങളുടെ ബുൾഡോസർ രാജിൻ്റെ പ്രതീകമായ ജെസിബി നൽകുന്ന സാഹിത്യ പുരസ്കാരം കാപട്യമാണെന്ന് ആക്ഷേപിച്ചാണ് തുറന്ന കത്തുമായി എഴുത്തുകാർ രംഗത്തു വന്നത്.
ഇന്ത്യയിലും ഫലസ്തീനിലും ഭയജനകമാംവിധം പാർപ്പിടങ്ങൾ ഇടിച്ചു നിരത്തുന്നതിൽ നിർണായക പങ്കാണ് ജെസിബിയുടെ ബുൾഡോസറുകൾ വഹിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കെ സച്ചിദാനന്ദൻ, മീന കന്ദസ്വാമി, ആസാദ് സെയ്ദി തുടങ്ങി നൂറിലധികം സാഹിത്യകാരന്മാർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവച്ചവരുടെ കൂട്ടത്തിൽ ഫലസ്തീൻ, ഇറാഖി എഴുത്തുകാരുമുണ്ട്.
യുപിയും കശ്മീരും അടക്കം വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിംകളുടെ വീടുകളും കടകളും പള്ളികളും ഇടിച്ചു നിരത്താനും രാഷ്ട്രീയ പ്രചാരണോപാധിയായും ബിജെപി ജെസിബിയുടെ ബുൾഡോസറിനെയാണ് ഉപയോഗിക്കുന്നത്. ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന വംശീയ ഉന്മൂലനത്തിലും ജെസിബി ബുൾസോസറുകളാണ് വില്ലൻ. അരികുവൽക്കരിക്കപ്പെട്ടവരും വൈവിധ്യം പുലർത്തുന്നവരുമായ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കാൻ പുരസ്കാരം ഏർപ്പെടുത്തിയ ജെസിബി ശിക്ഷാ നടപടിയുടെ രൂപത്തിൽ അനേകം പേരുടെ ജീവിതവും ഉപജീവനവും നശിപ്പിക്കുന്നതിൽ കുറ്റകരമായ പങ്കാളിത്തമാണ് തുടരുന്നത്. പുരസ്കാരം നൽകുന്നതിലൂടെ ജെസിബിയുടെ കൈകളിൽ പുരണ്ട ചോരക്കറ കഴുകിക്കളയാനാവില്ലെന്നും കത്തിൽ പറയുന്നു.
നാളെയാണ് ജെസിബി സാഹിത്യ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. അതിനിടയാണ് പ്രതിഷേധം പ്രകടിപ്പിച്ച് തുറന്ന കത്തുമായി എഴുത്തുകാരുടെ രംഗപ്രവേശനം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ജെസിബി സാഹിത്യ പുരസ്കാരമാണ് രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്നത്.