കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ എണ്ണപര്യവേക്ഷണം: ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇയു; വിമര്‍ശനവുമായി തുര്‍ക്കി

സൈപ്രസ് ദ്വീപിനു സമീപം ഗ്രീസുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി ആങ്കറ പര്യവേക്ഷണം നടത്തുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്.

Update: 2020-08-29 18:33 GMT
കിഴക്കന്‍ മെഡിറ്ററേനിയനിലെ തുര്‍ക്കിയുടെ എണ്ണപര്യവേക്ഷണം: ഉപരോധം ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഇയു;    വിമര്‍ശനവുമായി തുര്‍ക്കി

ആങ്കറ: കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ എണ്ണ പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീസുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയന്‍. സൈപ്രസ് ദ്വീപിനു സമീപം ഗ്രീസുമായി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനുമായി ആങ്കറ പര്യവേക്ഷണം നടത്തുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്.

ഏറ്റുമുട്ടലിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് ഇരു രാജ്യങ്ങളും ഈ മേഖലയില്‍ സൈനികാഭ്യാസം നടത്തുന്നുണ്ട്. തുര്‍ക്കിയുടെ ഊര്‍ജ്ജപര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് യൂറോപ്യന്‍ തുറമുഖങ്ങളുടെ ഉപയോഗം തടഞ്ഞും വ്യക്തികളേയും കപ്പലുകളേയും ലക്ഷ്യമിട്ടും ആയിരിക്കും പുതിയ ഉപരോധമെന്ന് ബെര്‍ലിനില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനൊടുവില്‍ സംസാരിച്ച ബ്ലോക്കിന്റെ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഉപരോധം ഏര്‍പ്പെടുത്തുമെന്ന യൂറോപ്യന്‍ യൂനിയന്‍ ഭീഷണിക്കെതിരേ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് തുക്തെ. യൂറോപ്യന്‍ യൂനിയന്റെ കാപട്യമാണ് ഈ നടപടിയിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ മെഡിറ്ററേനിയനില്‍ തങ്ങളുടെ അധീനമേഖലയിലെ തുര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആഹ്വാനം ചെയ്യുന്നതും അതേസമയം, മറ്റു പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതും കാപട്യമാണെന്ന് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

'സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും ഭാഷയില്‍ ഞങ്ങള്‍ നിപുണരാണ്, എന്നാല്‍ തുര്‍ക്കിയുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കില്ലെന്നും ഫ്രാന്‍സിനും ഗ്രീസിനും മറ്റാരേക്കാളും ഇക്കാര്യമറിയാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News