ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് അനുകൂല വാരിക

Update: 2021-09-26 17:33 GMT

ന്യൂഡല്‍ഹി: ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആമസോണിനെ ഈ സ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് അനുകൂല വാരികയായ പാഞ്ചജന്യ. സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ആമസോണ്‍ കോടികള്‍ കൈക്കൂലി ഇനത്തില്‍ ചെലവാക്കിയെന്നും വാരിക ആരോപിച്ചു.

ഒക്ടോബര്‍ 3ന് പുറത്തിറങ്ങിയ ലക്കത്തിലാണ് പാഞ്ചജന്യ ആമസോണിനെതിരേയുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചത്.

18ാം നൂറ്റാണ്ടില്‍ ഇന്ത്യ പിടിച്ചെടുക്കുന്നതിന് എത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ചെയ്ത അതേ കാര്യമാണ് ആമസോണും ചെയ്യുന്നതെന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ കുത്തകക്കുവേണ്ടിയാണ് ആമസോണ്‍ ശ്രമിക്കുന്നത്. സമ്പദ്ഘടന, രാഷ്ട്രീയം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളാണ് ആമസോണ്‍ നടത്തുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ പ്രദര്‍ശനങ്ങളാണ് ആമസോണിന്റെ വീഡിയോ പ്ലാറ്റ് ഫോമായ പ്രൈം വീഡിയോ വഴി പുറത്തുവിടുന്നതെന്നും ലേഖനം ആരോപിക്കുന്നു. 

ഫ്യൂച്ചര്‍ ഗ്രൂപ്പമായി ആമസോണ്‍ ഒരു നിയമയുദ്ധത്തിലാണ്. അതിന്റെ ഭാഗമായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി ആമസോണ്‍ ചില തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനുവേണ്ടി മാത്രം കമ്പനി 8,546 കോടി രൂപ കൈക്കൂലി ഇനത്തില്‍ മാത്രം നല്‍കിയതായി ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു.

കൈക്കൂലിക്കേസില്‍ ആമസോണിനെതിരേ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.

Tags:    

Similar News