ആഷിക് അബുവും പൃഥ്വിരാജും പിന്‍മാറിയതുകൊണ്ട് സിനിമ നിന്നുപോവില്ല; 'വാരിയംകുന്നന്‍' രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍
കോഴിക്കോട്: 2020 ജൂണ്‍ മാസം 22ന് പ്രഖ്യാപിച്ച വാരിയന്‍കുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും സിനിമ രണ്ട് ഭാഗങ്ങളായി നിര്‍മിക്കുമെന്നും കോമ്പസ് മൂവീസ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും അത് മനസ്സിലാക്കിത്തന്നെയാണ് പദ്ധതി തയ്യാറാക്കിയതെന്നും കോമ്പസ് മൂവീസ് എം ഡി സിക്കന്തര്‍ പുറത്തിക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സിനിമയുടെ ഭാഗമായിരുന്ന സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജ് സുകുമാരനും പിന്‍മാറിയതിനെത്തുടര്‍ന്നാണ് ചലച്ചിത്രലോകത്തും പൊതുസമൂഹത്തിലും ഇതുസംബന്ധിച്ച നിരവധി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇവര്‍ പിന്‍മാറിയതുകൊണ്ട് സിനിമ നിലച്ചുപോവുകയില്ലെന്നും സിനിമയുടെ ഭാവിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഇന്ത്യയിലെ പ്രമുഖരായ അണിയറപ്രവര്‍ത്തകരും നടീനടന്മാരും ഈ സിനിമയില്‍ അണിനിരക്കുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇരുവരും പ്രൊജക്റ്റില്‍ നിന്ന് പിന്‍മാറിയതിനു കാരണം വ്യക്തമല്ല. 'ദൗര്‍ഭാഗ്യകരമായ സാഹചര്യം' എന്നാണ് കുറിപ്പില്‍ പറയുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലുന്നിയ ജന്മിത്താധിപത്യത്തിന്യമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ടം സ്ഥാപിച്ച വിപ്പവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ ഉത്തരവാദിത്തം പോലെ തന്നെ പ്രസക്തമാണ് കലാപരമായ ചയമതലാബോധവും. ആ ഉറച്ച ബോധ്യത്തില്‍ തന്നെയാണ് ഈ പദ്ധതി അര്‍ഹിക്കുന്ന കലാമേന്മയോടെയും സാത്തേതികത്തികവോടെയും തന്നെ സാക്ഷാത്ക്കരിക്കപ്പെടണം എന്ന നിഷ്‌കര്‍ഷ ഞങ്ങള്‍ വച്ചുപുലര്‍ത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യന്‍മാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് 2020 ജൂണ്‍ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനം സംഭവിക്കുന്നത്''-കുറിപ്പ് വ്യക്തമാക്കി.