പ്രഫ. സായിബാബയുടെ കേസില്‍ കോടതി പരിശോധിച്ചത് വിചാരണാനുമതി സാധുവാണോയെന്നു മാത്രം

Update: 2022-10-15 05:46 GMT

കൊച്ചി: മാവോവാദി ആരോപണം നേരിടുന്ന പ്രഫ. സായിബാബയുടെ കേസില്‍ പ്രതികളെ വെറുതെ വിടുകയല്ല ചെയ്തിരിക്കുന്നതെന്നും വിചാരണാനുമതി സാധുവാണോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രമുഖ അഭിഭാഷകന്‍ തുഷാര്‍ നിര്‍മല്‍ സാരഥി. നിരവധി എന്‍ഐഎ കേസുകളില്‍ ഹാജരായിട്ടുള്ള തുഷാര്‍ തന്റെ ഫേസ് ബുക്ക് പോസിറ്റിലൂടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.

അദ്ദേഹം പറുന്നതനുസരിച്ച് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് കുറ്റവാളിയല്ലെന്ന് പ്രഖ്യാപിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് വിചാരണാനുമതി സാധുവാണോയെന്ന് മാത്രമാണ് പരിശോധിച്ചത്.  മുന്‍കൂര്‍ വിചാരണാനമതിയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിടുതല്‍ ചെയ്തത്.

വിചാരണ ഉള്‍പ്പടെ എല്ലാ കീഴ്‌ക്കോടതി നടപടികളും അസാധുവായി പ്രഖ്യാപിച്ചത് കൊണ്ട് നിയമാനുസൃതമായ വിചാരണാനുമതി എടുത്ത് വീണ്ടും പ്രതികള്‍ക്കെതിരായ കുറ്റവിചാരണ നടത്താന്‍ പ്രോസിക്യൂഷന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ സായി ബാബയ്ക്കും മറ്റു പ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ മോചനം സാധ്യമാകും. അല്ലെങ്കില്‍ അവരുടെ യാതനകള്‍ വീണ്ടും തുടരുമെന്നാണ് ഇതിനര്‍ത്ഥം.

വിചാരണക്കോടതി പരിശോധിച്ച കേസിന്റെ വസ്തുതകളിലേക്ക് കോടതി പോയിട്ടില്ല. പ്രോസിക്യൂഷന്റെ ആരോപണങ്ങളും ഹാജരാക്കിയ തെളിവുകളും അതിന്റെ നിയമവശങ്ങളും കോടതി പരിഗണിച്ചിട്ടില്ല. നിയമാനുസൃതമായ വിചാരണാനുമതി ഇല്ലെന്നുമാത്രമാണ് കോടതി കണ്ടെത്തിയത്. ആദ്യം നടന്ന വിചാരണയും ശിക്ഷാവിധിയും നിയമത്തിനു മുന്നില്‍ നിലനില്‍ക്കത്തക്കതല്ല എന്ന കാരണത്താല്‍ ഒരേ കുറ്റത്തിന് രണ്ടാം തവണയും വിചാരണയ്ക്ക് വിധേയമാക്കരുതെന്ന ഭരണഘടനാപരമായ അവകാശം ഈ കേസില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2017ലെ കേസിലാണ് പ്രഫ. സായിബാബയ്ക്കും അഞ്ച് പേര്‍ക്കുമെതിരേ പോലിസ് കേസെടുത്തത്. വിചാരണ ചെയ്ത ഗെച്ച്‌റോളി കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് പ്രതികളെ വിടുതല്‍ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രിംകോടതി കേസ് ഇന്ന് പരിഗണിക്കും.

Tags:    

Similar News