ബിഷപ്പിനെതിരേ സമരം: സിസ്റ്റര്‍ ലൂസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. നാളെ കൊച്ചിയില്‍ സിസ്റ്റര്‍ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
കോട്ടയം: ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കാണ് മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. നാളെ കൊച്ചിയില്‍ സിസ്റ്റര്‍ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതിയില്ലാതെയാണ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടിയുണ്ടാവുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ബിഷപ്പിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ ലൂസിക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആരാധന നടത്തുന്നതിനും മതാധ്യാപികയാവുന്നതിനും വിശുദ്ധ കുര്‍ബാന നല്‍കുന്നതിനുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, സിസ്റ്ററിനെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘടിച്ചതിനെത്തുടര്‍ന്ന് പ്രതികാര നടപടി പിന്‍വലിക്കുകയായിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മദര്‍ ജനറല്‍ സ്വീകരിച്ചുപോന്നിരുന്നത്.