മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് കേസെടുക്കാന്‍ സര്‍ക്കാരിന് ഉളുപ്പുണ്ടോ?; കേരളാ പോലിസിന് നാണക്കേടെന്ന് ഷാഫി പറമ്പില്‍
മുദ്രാവാക്യം വിളിച്ചാല്‍ വധശ്രമത്തിന് കേസ് എടുക്കുമെങ്കില്‍ ജയരാജനെതിരെ കൊല കേസ് എടുക്കണ്ടേയെന്നും ഷാഫി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസ് കേരളാ പോലിസിന് നാണക്കേടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കുറ്റം ചെയ്തത് ഇ പി ജയരാജനാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്നൊക്കെ കേസെടുക്കാന്‍ സര്‍ക്കാരിന് ഉളുപ്പുണ്ടോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ച് പറഞ്ഞാല്‍ മരിച്ചു വീഴുന്നത് ആണോ കേരളാ മുഖ്യമന്ത്രിയുടെ പദവിയെന്ന് ഷാഫി പരിഹസിച്ചു. ജയരാജന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വ്യോമയാന മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അക്രമ സമരം നടത്തിയിട്ടില്ല. മുദ്രാവാക്യം വിളിച്ചാല്‍ വധശ്രമത്തിന് കേസ് എടുക്കുമെങ്കില്‍ ജയരാജനെതിരെ കൊല കേസ് എടുക്കണ്ടേയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. എന്തുകൊണ്ടാണ് ജയരാജനെതിരെ കേസെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
തൊടുപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലിസ് ക്രൂരമായി ആക്രമിച്ചു. ലാത്തി കൊണ്ട് കണ്ണില്‍ അടിച്ചു. കാഴ്ച തിരിച്ചു കിട്ടുമോ എന്ന് സംശയമാണെന്നും പ്രവര്‍ത്തകന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി കൊണ്ട് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന് മറവി രോഗം ബാധിച്ചിട്ടില്ലെങ്കില്‍ കഴിഞ്ഞകാല സമരങ്ങള്‍ ഓര്‍ക്കണമെന്ന് പറഞ്ഞ ഷാഫി, യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നു എന്നത് ജയരാജ ജല്പനം. പ്രതിഷേധിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കില്‍ നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടി കടന്നാലും അത് സതീശന്റെ പോലിസിന്റെ പരാജയമല്ലെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മറക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 18ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് വാതില്‍ തുറന്നതിന് ശേഷമായിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. വിമാനത്താവളത്തില്‍ പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചില ഘടകങ്ങളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.