കൊമ്പൊടിഞ്ഞാമാക്കലില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം രൂക്ഷം

Update: 2022-04-18 12:10 GMT

മാള: മാള കൊടകര സംസ്ഥാനപാതയിലെ പ്രധാന കേന്ദ്രമായ കൊമ്പൊടിഞ്ഞാമാക്കലില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ചാലക്കുടിയില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗം വീതി കുറഞ്ഞതാണ് ഇവിടത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. സംസ്ഥാനപാതയിലേക്ക് കയറിവരുന്ന വെള്ളാങ്കല്ലൂര്‍- ചാലക്കുടി റോഡിലൂടെ ഒട്ടേറെ വാഹനങ്ങളാണ് എത്തുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ച് സിഗ്‌നല്‍ലൈറ്റ് സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ഗതാഗതക്കുരുക്കിന് പുറമേ അപകടങ്ങളും പതിവായിരിക്കയാണ്. ഈ മേഖല പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതോടെ തിരക്കും ഏറിയിട്ടുണ്ട്. ജങ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂടുന്നതനുസരിച്ച് വാഹനപാര്‍ക്കിംഗ് കൂടുന്നതും ഗതാഗത കുരുക്ക് ഏറുന്നതിന് കാരണമാകുന്നുണ്ട്.

വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓരോ വര്‍ഷവും കൂടുന്നുണ്ടെങ്കിലും റോഡിന്റെ വീതി വര്‍ധിച്ചിട്ടില്ല. പാര്‍ക്കിംഗ് സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടില്ല. മാള കൊടകര റോഡിലേക്ക് ചാലക്കുടിയില്‍ നിന്നുമുള്ള റോഡ് സംഗമിക്കുന്ന ജങ്ഷനില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന കെട്ടിടങ്ങള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

മാള കെഎസ്ആര്‍ടിസിയില്‍ നിന്നും 50ല്‍പ്പരം ട്രിപ്പുകള്‍ മാള തൃശ്ശൂര്‍ റൂട്ടിലുണ്ട്. നൂറു കണക്കിന് ബസ്സുകളാണ് മാള ചാലക്കുടി റൂട്ടില്‍ ഓടുന്നത്. നിത്യേന നൂറുകണക്കിന് മറ്റു വാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്. മാള കൊടകര റോഡ് ബിഎംബിസി ടാറിങായതിനാല്‍ വാഹനങ്ങളുടെ വേഗതയും കൂടുതലാണ്. റോഡിന്റെ വീതിയും മറ്റു സൗകര്യങ്ങളും വര്‍ധിപ്പിച്ച് ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്നാണ് ആവശ്യം. 

Similar News