മഹാരാഷ്ട്രയിലെ സ്‌കൂളില്‍ നാലു വയസ്സുകാരിയായ രണ്ട് കുട്ടികളെ പീഡിപ്പിച്ചു; വന്‍ പ്രതിഷേധം

Update: 2024-08-20 09:43 GMT

താനെ: മഹാരാഷ്ട്രയിലെ സ്‌കൂളില്‍ നാലു വയസ്സുകാരിയായ രണ്ട് കുട്ടികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ചെന്ന് പരാതി. താനെയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് നാല് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബദല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ മുംബൈ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. റെയില്‍വെ ട്രാക്കിനു കുറുകെ ഓടിയ പോലിസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ആഗസ്ത് 16ന് 23കാരനായ പുരുഷ ക്ലീനിങ് സ്റ്റാഫ് നാല് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ അവരുടെ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്യുകയും ക്ലാസ് ടീച്ചറെയും ആയയെയും പിരിച്ചുവിടുകയും ചെയ്‌തെങ്കിലും രക്ഷിതാക്കള്‍ രോഷാകുലരായി.

    പോലിസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിന്റെ സുരക്ഷാ നടപടികളില്‍ കാര്യമായ വീഴ്ചകള്‍ കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകളില്‍ വനിതാ അറ്റന്‍ഡര്‍മാരില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ സ്‌കൂളിലെ സിസിടിവി കാമറകളില്‍ പലതും പ്രവര്‍ത്തനരഹിതമാണെന്നും വ്യക്തമായിട്ടുണ്ട്. ലൈംഗികാതിക്രമക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാന്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ഇന്ന് സമര്‍പ്പിക്കാന്‍ താനെ പോലിസ് കമ്മീഷണറോട് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Similar News