പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത് മാഫിയകളെപ്പോലെ; വിമര്‍ശനവുമായി മുന്‍ പിഎസ്‌സി അംഗം അശോകന്‍ ചരുവില്‍

Update: 2021-02-11 05:25 GMT

തൃശൂര്‍: പി.എസ്.സി. കോച്ചിംഗ് സെന്ററുകളും റാങ്ക് ലിസ്റ്റ് അസോസിയേഷനുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളതാണെങ്കിലും അവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരുവക മാഫിയ പോലെയാണെന്ന് എഴുത്തുകാരനും മുന്‍ പിഎസ് സി അംഗവുമായ അശോകന്‍ ചരുവില്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇത്തരം സെന്ററുകള്‍ പിരിച്ചെടുക്കുന്ന പണത്തിന് കണക്കില്ലെന്നും വാഗ്ദാനങ്ങള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആയിരക്കണക്ക് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ പി.എസ്.സി.യെപ്പറ്റി നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം നടത്തുന്നതിന് ആരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''നിശ്ചിതമായ തസ്തികകള്‍ മാത്രമേ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളൂ. ഗുമസ്തന്മാരുടെ എണ്ണം കൂട്ടുന്നത് ഏതൊരു ഭരണകൂടത്തിനും ഭൂഷണമായ കാര്യമല്ല. പരിമിതമായ ഈ ഒഴിവുകളില്‍ മാത്രം പ്രതീക്ഷ വെച്ച് നാടെങ്ങും കോച്ചിംഗ് സെന്ററുകള്‍ ഏതാണ്ടൊരു ഔപചാരിക വിദ്യാഭ്യാസ പരിപാടി പോലെ നടക്കുകയാണ്. വലിയ തുക ഫീസു കൊടുത്തു പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 'കോച്ചിംഗ് കോഴ്‌സ്' പാസ്സായതിന്റെ ക്രെഡിറ്റില്‍ തങ്ങള്‍ ഉദ്യോഗത്തിന്റെ അവകാശികളാണെന്ന് കരുതുന്നു. കോച്ചിംഗ് സെന്ററുകാരും റാങ്ക്‌ലിസ്റ്റ് അസോസിയേഷന്‍ നടത്തിപ്പുകാരും നല്‍കുന്ന നുണകളും വാഗ്ദാനങ്ങളും അതേപടി വിശ്വസിച്ച് രാഷ്ട്രീയ നാടകങ്ങളുടെ ഇരകളാകുന്നു''- ഇത് നാടിന് നല്ലതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമനം സാധ്യമല്ലെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി പരിധിവിട്ട് നീട്ടാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമം നടത്തണമെന്നും താല്‍ക്കാലികജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ശരിയല്ലെന്നും ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന്റെ സാഹചര്യത്തിലാണ് അശോകന്‍ ചെരുവിലര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

Tags:    

Similar News