വൈകാരികഭ്രാന്തുള്ളവരെ കണ്ടുപിടിച്ച് പുറത്തുകളയേണ്ടതുണ്ട്; മന്‍സൂര്‍ വധത്തില്‍ അശോകന്‍ ചരുവില്‍
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലയ്ക്കും മനസ്സിലാക്കിയിട്ടില്ല.
കോഴിക്കോട്: പുല്ലൂക്കരയിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അരുംകൊല ചെയ്ത സംഭവത്തില്‍ ശക്തമാ പ്രതിഷേധവുമായി പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍. പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തുകളയേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ പറഞ്ഞു.
അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ മുക്കില്‍പ്പീടികയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘട്ടനത്തെ തുടര്‍ന്ന് മുസ് ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതില്‍ ശക്തമായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. മന്‍സൂറും എതിരാളികളും അയല്‍ക്കാരാണെന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലയ്ക്കും മനസ്സിലാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് മല്‍സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ശ്രമിക്കേണ്ടതാണ്. പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തുകളയേണ്ടതുണ്ട്. അംഗങ്ങളുടെ മേല്‍ മാത്രമല്ല; അണികളുടെ മേലും ശ്രദ്ധവേണം. മന്‍സൂറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.
Ashokan Charuvil about Pullookkara Mansoor murder