കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര മുക്കില്‍പീടികയിലെ പാറാല്‍ മന്‍സൂര്‍ വധത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കൊച്ചിയങ്ങാടി സ്വദേശി ഒതയോത്ത് അനീഷിനെയാണ് പിടികൂടിയത്. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നു പോലിസ് പറയുന്ന അനീഷ് സംഭവശേഷം ഒളിവിലായിരുന്നു. സംഭവസ്ഥലത്തു നിന്ന് ലീഗ് പ്രവര്‍ത്തകര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അഞ്ചാം പ്രതി സുഹൈല്‍ ഡിവൈ എഫ്‌ഐ പാനൂര്‍ മേഖലാ ഖജാഞ്ചിയും എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമാണ്. പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. തിരഞ്ഞെടുപ്പ് ദിവസം നടന്ന കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനാവാത്തതിനാല്‍ പോലിസിനെതിരേ യുഡിഎഫ് കടുത്ത പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
കേസിലെ രണ്ടാം പ്രതി പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് രതീഷി(35)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ ചെക്യാട് പഞ്ചായത്തിലെ കായലോട് അരൂണ്ട കൂളിപ്പാറ കിഴക്കെ ചാലിലെ കശുമാവിന്‍ തോട്ടത്തിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെക്യാട് വില്ലേജ് ഓഫിസ് റോഡിനു സമീപത്തെ വര്‍ക്ക്‌ഷോപ് ജീവനക്കാരനായ രതീഷ് സിപിഎം പ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണു രതീഷ് താമസിച്ചിരുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഡിവൈഎഫ്‌ഐ മേഖലാ ഖജാഞ്ചിയും ശുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 25 അംഗ സംഘമാണ് മന്‍സൂറിനെയും സഹോദരനെയും ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍.
Pullookkara Mansoor murder: Another CPM activist arrested