കണ്ണൂര്‍: പാനൂരിനു സമീപം പുല്ലൂക്കരയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫും ലീഗും സമാധാന യോഗം ബഹിഷ്‌കരിച്ചു. കൊലപാതകം നടന്ന് 42 മണിക്കൂര്‍ പിന്നിട്ടിട്ടും സംഭവ സ്ഥലത്ത് വച്ച് മന്‍സൂറിന്റെ ജ്യേഷ്ഠന്‍ മുഹ്‌സിന്‍ പിടിച്ചു പോലിസിനെ ഏല്‍പിച്ച ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും എന്നാല്‍ എസ്എസ്എല്‍എസി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചുമാണ് ബഹിഷ്‌കരണമെന്ന് നേതാക്കള്‍ അറിയിച്ചു. 11ഓളം പ്രതികളെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞിട്ടും അതില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞില്ലെന്നു മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പ്രസ്താവനയില്‍ അറിയിച്ചു.
വിരോധാഭാസമെന്ന് പറയട്ടെ, മന്‍സൂറിന്റെ ഖബറടക്കത്തിനു ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഏതാനും സിപിഎം ഓഫിസുകള്‍ തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ 24 മുസ് ലിം ലീഗ് പ്രവര്‍ത്തകരെ പോലിസ് വളഞ്ഞ് പിടിക്കുകയും മൃഗീയമായി മര്‍ദ്ദിച്ച് തലതല്ലിപ്പൊട്ടിച്ച് പോലിസ് കസ്റ്റഡിയില്‍ കഴിയുകയുമാണ്. അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേഷനില്‍ എത്തിയ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കൊളവല്ലൂര്‍ പോലിസ് ആട്ടിപ്പായിക്കുകയാണുണ്ടായത്. പോലിസിന്റെ നീതി നിഷേധത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കുകയാണ്. ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന പ്രകടനത്തോടും പ്രതിഷേധ കൂട്ടായ്മയോടും കൂടി പ്രക്ഷോഭം ആരംഭിക്കും. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും. പിണറായിയുടെ ജില്ലയില്‍ പോലിസിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണ് ഭരണകൂടം. പോലിസിന്റെ ഭാഗത്ത് നിന്ന് നീതിയുക്തമായ നിലപാടുണ്ടാവുന്നത് വരെ ജില്ലാ ഭരണകൂടം നടത്തുന്ന സമാധാന ശ്രമങ്ങള്‍ പ്രഹസനമായിരിക്കും. തങ്ങള്‍ നിഷ്പക്ഷമാണെന്ന് കാണിക്കേണ്ട ബാധ്യത ജില്ലാ ഭരണകൂടത്തിനും പോലിസിനുമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
കൊലപാതകികളുടെ നേതാക്കളാണ് യോഗത്തില്‍ ഇരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. മന്‍സൂറിന്റെ കൊലപാതകം നടന്നിട്ട് 40 മണിക്കൂര്‍ കഴിഞ്ഞിട്ടും, കൊലപാതകികളെ കണ്ടെത്താനോ അവര്‍ക്ക് വേണ്ടി ആയുധസംഭരണം നടത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ പിടികൂടാനോ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് സതീശന്‍ പാച്ചേനി വ്യക്തമാക്കി. ഷുഹൈബ് വധത്തില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പോലിസ് സംവിധാനം അതേ വഴിക്കാണ് മന്‍സൂറിന്റെ കൊലപാതകക്കേസിലും മുന്നോട്ടുപോവുന്നത്. അങ്ങനെയെങ്കില്‍ അതിശക്തമായ പ്രക്ഷോഭം യുഡിഎഫ് സംഘടിപ്പിക്കുമെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും പേര് വെട്ടേറ്റ് ചികില്‍സയില്‍ കഴിയുന്ന മുഹസിന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതില്‍ ഒറ്റയാളെ പോലും തിരയാനോ, പിടികൂടാനോ പോലിസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Pullookkara Mansoor murder: UDF and League boycott peace meeting