പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന് പ്രതിപക്ഷം; നിയമനം നടക്കുന്നതിനാല്‍ ലിസ്റ്റ് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി
പിഎസ്‌സിയെ പാര്‍ട്ടി സര്‍വീസ് കമ്മിഷനാക്കരുതെന്നും പിഎസ്‌സിയെ കരുവന്നൂര്‍ സഹകരണ ബാങ്ക് മോഡല്‍ ആകരുതെന്നും ഷാഫി പറമ്പില്‍
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിലാണ് ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നേടിയത്. കേരള പിഎസ്‌സി കരുവന്നൂര്‍ സഹകരണ ബാങ്ക് മോഡല്‍ ആകരുതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.
പിഎസ്‌സിയിലെ റാങ്ക് പട്ടികകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. ചിലറാങ്ക് പട്ടികകളുടെ കാലാവധി രണ്ടുമാസത്തേക്ക് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി, മറ്റു റാങ്ക് പട്ടികകള്‍ക്കും ബാധകമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. കൊവിഡ് സാഹചര്യത്തില്‍ ഒഴിവുകള്‍ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ല. മാത്രവുമല്ല, ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 05.02.2021നും 03.08.2021നുമിടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുമുണ്ട്.
സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്നും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം നടക്കും. അതൊന്നും തടസ്സമില്ലാതെ നടക്കുന്നതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.