പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം: എഐവൈഎഫ്

ഇരുനൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ലോക്ക് ഡൗൺ മൂലം ജൂൺ 19 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇത് മതിയായ സമയമല്ല.

Update: 2020-06-03 05:00 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ ആവശ്യപ്പെട്ടു.

ഇരുനൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ലോക്ക് ഡൗൺ മൂലം ജൂൺ 19 വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇത് മതിയായ സമയമല്ല. നിലവിലുള്ള പല റാങ്ക് ലിസ്റ്റുകളുടേയും കാലാവധിയുടെ നല്ലൊരു സമയം നേരത്തേ പ്രളയം മൂലവും നഷ്ടമായിരുന്നു.

പി എസ് സിയുടേയും സർക്കാർ ഓഫീസുകളുടേയും പ്രവർത്തനം ലോക് ഡൗൺ മൂലം രണ്ട് മാസത്തിലധികം പൂർണ്ണമായും നിലച്ചതിനാൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാനോ നിയമന ശുപാർശകൾ തയ്യാറാക്കാനോ വേണ്ടവിധം കഴിയാതിരുന്ന സാഹചര്യവുമുണ്ട്. അടച്ചിടൽ കാരണം സർക്കാർ ഓഫീസുകൾക്കുപുറമേ പൊതുമേഖലാ സ്ഥാപനങ്ങൾ, തപാൽ തുടങ്ങിയ പ്രവർത്തനവും നിലച്ചിരുന്നു.

ഇപ്പോഴും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുകയുമാണ്. ഏറ്റവും കൂടുതൽ നിയമനം നടക്കേണ്ട റാങ്ക് പട്ടികകൾ ഉൾപ്പെടെ പല പട്ടികകളിൽ നിന്നും സാധ്യതകൾക്കനുസരിച്ച് നിയമനം നടക്കാത്ത സാഹചര്യവുമുണ്ട്. ഇനിയൊരു പരീക്ഷ എഴുതാൻ കഴിയാത്ത വിധം പ്രായപരിധി കഴിഞ്ഞവരും മറ്റ് റാങ്ക് ലിസ്റ്റുകളിലൊന്നും പേരില്ലാത്തവരുമായ നിരവധി ഉദ്യോഗാർത്ഥികൾ പ്രതീക്ഷ വച്ചുപുലർത്തുകയുമാണ്.ഈ സാഹചര്യങ്ങൾ പരിഗണിച്ച് പി എസ് സി ലിസ്റ്റുകളുടെ കാലാവധി നീട്ടുവാൻ സർക്കാരും പി എസ് സിയും തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Similar News