മതം മാറിയിട്ടും ഇബ്രഹാം സിദ്ദിഖിക്കെതിരേ ലൗജിഹാദ് ആരോപണം, അഭിഭാഷകയെ ആക്രമിച്ചു; പിയുസിഎല്‍ പ്രതിഷേധത്തിലേക്ക്
അഞ്ജലി ജെയ്ന്‍, ഇബ്രാഹിം സിദ്ദിഖി വിവാഹത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് പിയുസിഎല്ലിന്റെ പ്രതികരണം.
ബിലാസ്പൂര്‍: ഇബ്രാഹിം സിദ്ദിഖിക്കെതിരേ ലൗജിഹാദ് ആരോപണമുന്നയിച്ച ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കെതിരേ പിയുസിഎല്‍ പ്രതിഷേധം. സിദ്ദിഖിയുടെ അഭിഭാഷകരെ ആക്രമിച്ചവര്‍ക്കെതിരേ അന്വേഷണം ശക്തമാക്കണം, ജാതി, മത, വര്‍ഗ, ലിംഗ പരിഗണനകളില്ലാതെ ആര്‍ക്കും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവണമെന്നും പിയുസിഎല്‍ ചത്തിസ്ഘഡ് യൂണിറ്റ് ആവശ്യപ്പെട്ടു. അഞ്ജലി ജെയ്ന്‍, ഇബ്രാഹിം സിദ്ദിഖി വിവാഹത്തോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് പിയുസിഎല്ലിന്റെ പ്രതികരണം.
അഞ്ജലിയും ഇബ്രാഹിം സിദ്ദിഖിയും ഫെബ്രുവരി 2018 നാണ് വിവാഹിതരാവുന്നത്. നേരത്തെ വിവാഹിതനായിരുന്ന സിദ്ദിഖി വിവാഹമോചനം നേടിയ ശേഷമാണ് അഞ്ജലിയെ വിവാഹം കഴിച്ചത്. ലൗജിഹാദ് ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിവാഹത്തിനു മുമ്പ് സിദ്ദിഖി ഹിന്ദുവായി മതം മാറി ആര്യന്‍ ആര്യ എന്ന പേര് സ്വീകരിച്ചു. ആര്യസമാജ പാരമ്പര്യമനുസരിച്ചായിരുന്നു വിവാഹം. ആര്യസമാജക്കാര്‍ വിവാഹസര്‍ട്ടിഫിക്കറ്റും നല്‍കി.
വിവാഹവിവരം അറിഞ്ഞ അഞ്ജലിയുടെ പിതാവ് ക്ഷമിക്കാന്‍ തയ്യാറായില്ല. അദ്ദേഹം അഞ്ജലിയെ പിടിച്ചുകൊണ്ടുപോവുകയും അപസ്മാരത്തിനുള്ള മരുന്ന് നല്‍കുകയും ചെയ്തു.
സിദ്ദിഖി, ബിലാസ്പൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. കോടതി ആവശ്യപ്പെട്ടതുപ്രകാരം പോലിസ് അഞ്ജലിയെ കോടതിയില്‍ ഹാജരാക്കി. തനിക്ക് സിദ്ദിഖിയ്‌ക്കൊപ്പം പോകാനാണ് താല്പര്യമെന്ന് പറഞ്ഞെങ്കിലും അഞ്ജലിയെ ബിലാസ്പൂരിലെ വനിതാ ഹോസ്റ്റലിലേക്ക് അയയ്ക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. പിതാവിനൊപ്പം പോകാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും സിദ്ദിഖിയുടെ മായികവലയത്തില്‍ പെട്ടുപോയതുകൊണ്ടാണ് അഞ്ജലി പോകാതിരുന്നതെന്ന് ഹിന്ദുത്വസംഘടനകള്‍ വ്യാപകമായി പ്രചരിപ്പിച്ചു, ഒപ്പം മാനസികരോഗിയാണെന്നും.
അതേസമയത്ത് സിദ്ദിഖിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെയിന്‍ സമാജക്കാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ലൗജിഹാദാണെന്നാരോപിച്ച് ബന്ദും നടത്തി. അഞ്ജലിയുടെ പിതാവിന്റെ പരാതിപ്രകാരം സിദ്ദിഖിക്കെതിരേ പോലിസ് കേസെടുത്തു. അന്നുമുതല്‍ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.
അഞ്ജലിയെ കാണാന്‍ ഹോസ്റ്റലിലെത്തിയ അവരുടെ അഭിഭാഷക പ്രയങ്ക ശുക്ലയെ ഡിഎസ്പി മമത ശര്‍മയും അഡി. എസ് പി രുചി മിശ്രയും പിന്തുടര്‍ന്നു, മര്‍ദ്ദിച്ചു. അഞ്ജലിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലിസ് മര്‍ദ്ദനത്തിനെതിരേ പ്രിയങ്ക ശുക്ല കേസ് കൊടുത്തിട്ടുണ്ട്. ബാര്‍ കൗണ്‍സിലിനും പരാതി അയച്ചു.
ഇതിനിടയില്‍ അഡി. എസ് പി രുചി മിശ്ര വനിതാ ഹോസ്റ്റലില്‍ അനാവശ്യ നിയന്ത്രണം കൊണ്ടുവന്നു, അഞ്ജലിയെ കാണാന്‍ വിവിധ മതസംഘടനാ നേതാക്കളെ അനുവദിക്കുകയും ചെയ്തു. നിലവില്‍ സിദ്ദിഖിക്കെതിരേ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ട് മതസംഘടനാനേതാക്കള്‍ അഞ്ജലിയെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയാണ്.
അഞ്ജലിക്ക് തനിക്കിഷ്ടമുളളവരെ കാണാന്‍ അനുമതി നല്‍കണമെന്നും അഞ്ജലിയെയും പ്രിയങ്കയെയും ആക്രമിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും കേസില്‍ നിയമവിരുദ്ധമായി ഇടപെട്ട പോലിസ് ഉദ്യേഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണണെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.