കുടിയേറ്റത്തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കാന്‍ പഞ്ചാബ് ചെലവഴിച്ചത് 6 കോടി

Update: 2020-05-13 18:34 GMT

ചണ്ഡീഗഢ്: കുടിയേറ്റത്തൊഴിലാളികളെ തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ചയക്കാന്‍ ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ പഞ്ചാബ് പുറത്തുവിട്ടു. 1.10 ലക്ഷം കുടിയേറ്റത്തൊഴിലാളികളെയാണ് പഞ്ചാബ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെപ്പോകാന്‍ സഹായിച്ചത്. അതിനെല്ലാം കൂടി പഞ്ചാബിന് 6 കോടി രൂപ ചെലവായി.

''പഞ്ചാബ് സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കാന്‍ സഹായിച്ചു. ഇതുവരെ 90 തീവണ്ടികളാണ് പഞ്ചാബില്‍ നിന്ന് പോയത്. അതില്‍ 1,10,000 പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇതുവരെ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് അയക്കാന്‍ മാത്രം സംസ്ഥാനത്തിന് 6 കോടി ചെലവായി''- സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഫിറോസ്പൂര്‍ ഡിവിഷന്റെയും അംബാല ഡിവിഷന്റെയും സഹായത്തോടെയാണ് സര്‍ക്കാര്‍ കുടിയേറ്റത്തൊഴിലാളികളെ തിരിച്ചയച്ചതെന്ന് സംസ്ഥാനത്തെ നോഡല്‍ ഓഫിസര്‍ വികാസ് പ്രതാപ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ദിനം പ്രതി 15 ട്രയിനുകള്‍ സംസ്ഥാനത്തുനിന്ന് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ലുധിയാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ട്രയിനുകള്‍ പുറപ്പെട്ടത്.

''ലുധിയാനയില്‍ നിന്ന് 36 ട്രയിനുകള്‍ പോയിട്ടുണ്ട്. ജലന്ധറില്‍ നിന്ന് 31 ട്രയിനുകളും പുറപ്പെട്ടു. പാട്യാല, മൊഹാലി, ബത്തിന്‍ഡ, സിര്‍ഹിന്ദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് മറ്റ് വണ്ടികള്‍ പുറപ്പെട്ടത്. അടുത്ത ദിവസങ്ങളില്‍ ഫിറോസ്പൂര്‍, ദൊറഹ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംസ്ഥാനം വിടും''- പ്രസ്താവനയില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ട്രയിനുകള്‍ ഉത്തര്‍പ്രദേശിലേക്കാണ് പോയത്. പിന്നാലെ ബീഹാറും ജാര്‍ഖണ്ഡും.

മധ്യപ്രദേശ്, മണിപ്പൂര്‍, മധ്യപ്രദേശ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പഞ്ചാബില്‍ നിന്ന് പ്രത്യേക ട്രയിനുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു.  

Tags:    

Similar News