എം വിന്‍സെന്റ് എംഎല്‍എയുടെ കാര്‍ തകര്‍ത്ത സംഭവം; അക്രമം ആസൂത്രിതമെന്ന് എംഎല്‍എ
നാട്ടുകാര്‍ പിടികൂടിയതോടെ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്ന് എംഎല്‍എ
തിരുവനന്തപുരം: വീടിനു മുന്നില്‍ നിര്‍ത്തിയിട്ട തന്റെ കാര്‍ അടിച്ച് തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് കോവളം എംഎല്‍എ എം വിന്‍സന്റ്. പട്ടാപ്പകല്‍ ആക്രമണം നടന്നിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും എംഎല്‍എ ആരോപിച്ചു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎല്‍എ, എം വിന്‍സന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ്(27) എന്നയാളാണ് കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്തത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ കേസെടുത്തുവെന്നാണ് ബാലരാമപുരം പോലിസ് അറിയിച്ചത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുകയാണെന്നും എംഎല്‍എ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാര്‍ തകര്‍ത്തതെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പോലിസ് പറയുന്നത്.
പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സന്തോഷ് പോലിസിനോടും പറയുന്നത്. നാലു വര്‍ഷമായി ചില മാനസിക വിഭ്രാന്തികള്‍ സന്തോഷ് പ്രകടിപ്പിക്കുന്നുണ്ടെന്ന് സന്തോഷിന്റെ അമ്മയും പോലിസിനോട് പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ പിടികൂടിയതോടെ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്നാണ് എംഎല്‍എ കുറ്റപ്പെടുത്തുന്നത്.