യുഎസിലേക്ക് കുട്ടികളെ അഭയാര്‍ഥികളായി തള്ളുന്നു; മതിലിനു മുകളിലൂടെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ദരിദ്രമായ ജീവിത ചുറ്റുപാടുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ യുഎസിലേക്ക് അഭയാര്‍ഥികളായി തള്ളുന്നത് വര്‍ധിക്കുകയാണ്.

Update: 2021-04-01 11:06 GMT
വാഷിങ്ടണ്‍: സമീപ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് കുട്ടികളെ യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിക്കു മുകളിലൂടെ അഭയാര്‍ഥികളായി തള്ളുന്നു. മാതാപിതാക്കള്‍ അതിര്‍ത്തി മതിലിനു മുകളിലൂടെ കൂട്ടികളെ യുഎസിലേക്ക് ഉപേക്ഷിക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്വഡോറില്‍ നിന്നള്ള മൂന്നും അഞ്ചും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ നാല് മീറ്റര്‍ ഉയരമുള്ള അതിര്‍ത്തി മതിലിന് മുകളില്‍ കൂടി രാത്രിയില്‍ താഴേക്ക് ഉപേക്ഷിച്ചതായി യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സി.ബി.പി.) ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.


സെന്റ് തെരേസയിലെ സി.ബി.പി. കേന്ദ്രത്തിലെത്തിച്ച കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മുന്‍കരുതലെന്ന നിലയില്‍ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സി.ബി.പിയുടെ താത്ക്കാലിക കസ്റ്റഡിയിലാണ് കുട്ടികളിപ്പോള്‍. ചെറിയ കുട്ടികളെ അതിര്‍ത്തി മതിലിന് മുകളിലൂടെ കടത്തുകാര്‍ ഉപേക്ഷിക്കുന്ന രീതി അതിയായ ഞെട്ടലുണ്ടാക്കുന്നതായി ചീഫ് പട്രോള്‍ ഏജന്റ് ഗ്ലോറിയ ഷാവേസ് പറഞ്ഞു. ഉത്തരവാദികളെ കണ്ടെത്താന്‍ മെക്‌സിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഷാവേസ് കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ കണ്ടിരുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ മരുഭൂമിയ്ക്ക് സമാനമായ സാഹചര്യത്തില്‍ ആരുമില്ലാതെ മണിക്കൂറുകളോളം കഴിയേണ്ടിവരുമായിരുന്നു. ദരിദ്രമായ ജീവിത ചുറ്റുപാടുകളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ യുഎസിലേക്ക് അഭയാര്‍ഥികളായി തള്ളുന്നത് വര്‍ധിക്കുകയാണ്. ദിവസവും അഞ്ഞൂറോളം കുട്ടികളെ ഇത്തരത്തില്‍ അതിര്‍ത്തി കടത്തുന്നുണ്ട്.




Tags:    

Similar News