തൃശൂര്‍: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള നടക്കുന്ന പൂരനഗരിയില്‍ സംഗീത മഴ പെയ്യിച്ച് ഖവാലി സൂഫി സംഗീതം. ഖവാലി മഴയായി പെയ്തത് തൃശൂരിന്റെ ഹൃദയത്തിലായിരുന്നു. തൃശൂരിന് അത്ര പരിചിതമല്ലാത്ത സൂഫി സംഗീതം സംഗീത പ്രേമികള്‍ക്കും നവ്യാനുഭവമായി. സൂഫി കാവ്യാലാപനത്തില്‍ പതിറ്റാണ്ട് പിന്നിട്ട ഗായകരായ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവരുടെ ഈരടികളില്‍ തേക്കിന്‍കാട് മൈതാനം മതിമറന്നു പോയി. ഇബ്‌നു അറബി, മന്‍സൂര്‍ ഹല്ലാജ്, റാബിഅ ബസരിയ്യ തുടങ്ങിയവരുടെ അറബി കാവ്യങ്ങള്‍, ജലാലുദ്ദീന്‍ റൂമി, ഹാഫിസ്, ജാമി എന്നിവരുടെ പേര്‍ഷ്യന്‍ കാവ്യങ്ങള്‍, ഖാജാ മീര്‍ ദര്‍ദ് , ഗൗസി ഷാ തുടങ്ങിയവരുടെ ഉര്‍ദു ഗസലുകള്‍ , ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍,
മസ്താന്‍ കെ.വി.അബൂബക്കര്‍ മാസ്റ്റര്‍, തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങള്‍, കൂടാതെ നാരായണഗുരു , ഗുരു നിത്യ തുടങ്ങിയവരുടെ യോഗാത്മക ശീലുകള്‍ എന്നിവ തേക്കിന്‍കാട് മൈതാനത്തെ പെട്ടെന്ന് തന്നെ മായാലോകത്ത് എത്തിച്ചു.
മെഗാമേളയുടെ മനം നിറച്ച് നൃത്ത സംഗീത വിരുന്ന്
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ മനം നിറച്ച് നൃത്ത സംഗീത വിരുന്ന്. നാട്ടിക എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടന്‍പാട്ടും എസ് ആര്‍ വി ഗവ.കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സംഗീത വിരുന്നും മേളയ്ക്ക് പുതിയ ഈണമേകി. വയലിനില്‍ വിസ്മയം തീര്‍ത്ത് സാന്ദ്രബാബുവും കീബോഡില്‍ മാന്ത്രികത കാണിച്ച് അമിത് സാജനും റിതത്തില്‍ ആല്‍ഫി കെ റോയും സംഗീത വിരുന്നിന് പിന്തുണ നല്‍കി. തുടര്‍ന്ന് ശ്രീ കേരള വര്‍മ്മ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത സന്ധ്യയും മേളയ്ക്ക് ആവേശമായി.