വിഴിഞ്ഞത്ത് അദാനിക്ക് കടല്‍ നികത്താന്‍ പാറ വേണമെന്ന് ക്വാറി മാഫിയ; കൊല്ലം ആയൂര്‍ ആയിരവില്ലിപ്പാറയ്ക്ക് മരണമണിയോ

ആയിരവില്ലി പാറ പൊട്ടിക്കുന്നതിനെതിരേ പ്രദേശവാസികള്‍ 75 ദിവസമായി സമരത്തിലാണ്

Update: 2022-08-30 14:06 GMT

ബുഷ്‌റ എസ്

വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ കണ്ണീരിലാഴ്ത്തുന്ന അദാനി പോര്‍ട്ടിന് വേണ്ടി കടല്‍ നികത്താന്‍ ആയിരവില്ലി പാറ ഖനനം നടത്താന്‍ എന്‍ഒസി നല്‍കിയിരിക്കുകയാണ് കൊല്ലം ജില്ലാ കലക്ടര്‍. വിഴിഞ്ഞത്തുകാര്‍ അദാനിക്കെതിരേ ആണെങ്കില്‍ ചെറിയ വെളിനല്ലൂരുകാര്‍ അദാനിയുടെ കൂട്ടുകച്ചവടക്കാര്‍ക്കെതിരേയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തകകളുടെ കടന്ന് കയറ്റം മൂലം ആരൊക്കൊയാണ് ദുരിതമനുഭിക്കേണ്ടിവരുന്നതെന്നതിന്റെ ഉദാഹരണമാണ് ആയിരവില്ലിപ്പാറ സംരക്ഷിക്കാനുള്ള പ്രദേശവാസികളുടെ സമരത്തില്‍ നിന്ന് വ്യക്തമാവുന്നത്.

കൊല്ലം ജില്ലയിലെ ഇളമാട് വില്ലേജില്‍ ചെറിയവെളിനല്ലൂര്‍ ആയിരവില്ലി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 75 ദിവസമായി സത്യഗ്രഹസമരം നടക്കുകയാണ്. തിരുവനന്തപുരം പട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാന്‍സ മൈന്‍സ് എന്ന കമ്പനിക്ക് 4.1435 ഹെക്ടര്‍ ഭൂമി കൊല്ലം ജില്ലാ കലക്ടര്‍ പ്രതിവര്‍ഷം രണ്ടേകാല്‍ ലക്ഷം മെട്രിക് ടണ്‍ പാറ ഖനനത്തിന് അനുമതി നല്‍കിയതിനെതിരേയാണ് സമരം.

ജില്ലാ കലക്ടര്‍ പാറഖനനത്തിനുള്ള എന്‍ഓസി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.  വിഴിഞ്ഞം അദാനി പോര്‍ട്ടിനായി പാറ നല്‍കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ എന്നും പറഞ്ഞാണ് അനുമതി അപേക്ഷ നല്‍കിയിരിക്കുന്നത്. 


ഏഴു പേര്‍ കമ്പനി ഉടമകളായാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അരുണ്‍ വര്‍ഗീസ്, അബ്ദുല്‍ ലത്തീഫ്, ടിന്‍സണ്‍ ജോണ്‍സണ്‍, പി ഷേര്‍ളി, അജേഷ് ബി കുമാര്‍, ബി ജയപ്രകാശ് എന്നിവരാണ് ഈ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍. ഇവിടെ ആയിരവില്ലിപ്പാറയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലെ രണ്ട് പേരും ഇൗ കമ്പനിയിലെ അംഗങ്ങളാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ ഖനനം നടത്തി ക്രഷര്‍ യൂനിറ്റ് വന്‍ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പുറമെ അഞ്ചിലധികം വന്‍ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശവാസികള്‍ ഒരു ജലബോംബിന്റെ ഭീഷണിയിലാണ് അന്തിയിറങ്ങുന്നത്. ആയിരവില്ലി ക്ഷേത്രത്തിന്റെ ഭാഗമായി ഇവിടെ പുജാദികര്‍മ്മങ്ങള്‍ നടന്നുവരുന്നുണ്ട്. നൂറ്റാണ്ടുകളായി ആരാധന നടന്നുവരുന്ന ഈ ക്ഷേത്രവും ഖനന ഭീഷണിയുടെ നടുവിലാണ്.

മുന്‍കാലത്ത് നടന്ന ഖനനത്തിന്റെ ഫലമായി പ്രദേശത്ത് കാന്‍സര്‍ രോഗികള്‍ വര്‍ധിക്കുന്നത് പ്രദേശവാസികളെ ആശങ്കിയിലാഴ്ത്തുന്നുണ്ട്. എല്ലാ ഖനന നിയമങ്ങളെയും ലംഘിച്ചാണ് ക്വാറി മാഫിയ ഇവിടെ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വില്ലേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാഹസ ടൂറിസത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് ആയിരവില്ലിപ്പാറ. ഇതിന് പുറമെ ഔഷധ സംസ്യങ്ങളാലും ഈ പ്രദേശം സമ്പന്നമാണ്.

വിശ്വാസവും പ്രകൃതി ഭംഗിയും വിസ്മയം തീര്‍ക്കുന്ന ഇവിടെ സംരക്ഷിക്കാന്‍ നിവേദനങ്ങളും മനുഷ്യച്ചങ്ങലയും തീര്‍ത്ത് പോരാട്ട പാതയിലാണ് പ്രദേശവാസികള്‍. ജാതി മത വര്‍ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരു ജനത പോരാട്ട പാതയിലാണ്. പ്രകൃതി ക്ഷോഭങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഈ പ്രദേശത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത് ഏക്കറുകളില്‍ പരന്ന് കിടക്കുന്ന ഈ പാറയാണ്. ചെറിയവെളിനല്ലൂരില്‍ നിന്ന് നൂറ് മീറ്റര്‍ നടന്നാല്‍ ഈ പാറയില്‍ എത്താം. 

Tags:    

Similar News