ഭിന്നശേഷി സംവരണം: മുസ്‌ലിംകളുടെ ഉദ്യോഗപങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂര്‍വമായ നീക്കമോ?

സംസ്ഥാനത്ത് 14 ശതമാനത്തില്‍ താഴെ മാത്രമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമാണ് സംവരണം. അതേസമയം, ജനസംഖ്യയില്‍ 27 ശതമാനത്തിലധികം വരുന്ന മുസ്‌ലിം വിഭാഗത്തിനാവട്ടെ കേവലം 12 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. അതും വെട്ടിച്ചുരുക്കാനാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.

Update: 2022-07-29 13:44 GMT

മുഹമ്മദ് സാദിഖ്

സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ 4 ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനായി തയ്യാറാക്കിയ നിര്‍ദ്ദേശം മുസ്‌ലിം സംവരണം വീണ്ടും അട്ടിമറിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ മുസ്‌ലിം സംവരണത്തില്‍ രണ്ട് ശതമാനം നഷ്ടമാകുമെന്നത് അങ്ങേയറ്റം ആശങ്ക സൃഷ്ടിക്കുന്നതാണ്. സംസ്ഥാനത്ത് 14 ശതമാനത്തില്‍ താഴെ മാത്രമുള്ള മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി 10 ശതമാനം സംവരണമാണ് നല്‍കുന്നത്. അതേസമയം, സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനത്തിലധികം വരുന്ന മുസ്‌ലിം വിഭാഗത്തിനാവട്ടെ കേവലം 12 ശതമാനമാണ് അനുവദിച്ചിരിക്കുന്നത്. അതും വെട്ടിച്ചുരുക്കാനാണ് ഭിന്നശേഷി സംവണത്തിലൂടെ ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. സച്ചാര്‍-പാലൊളി കമ്മിറ്റി ശിപാര്‍ശപ്രകാരം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മാത്രമായി കൊണ്ടുവന്ന സ്‌കോളര്‍ഷിപ് ജനസംഖ്യാനുപാതികമായി വീതംവെക്കുന്ന തരത്തില്‍ ഹൈക്കോടതി വിധി സമ്പാദിച്ചതിനു പിന്നിലും ഇടതു സര്‍ക്കാരിന്റെ ദുഷ്ടലാക്ക് പ്രകടമായിരുന്നു.

പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസിലില്ല എന്നിരിക്കെ അവരുടെ ക്വാട്ട അന്യായമായി എടുക്കുന്നത് തികഞ്ഞ അനീതിയാണ്. ഇത് മുസ്‌ലിം സംവരണ ക്വാട്ടയെ അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. നിലവിലെ പട്ടകജാതിപട്ടിക വര്‍ഗ, പിന്നാക്ക സംവരണീയ സമുദായങ്ങളുടെ സംവരണ ക്വാട്ടയില്‍ കുറവു വരുത്താതെ വേണം പിന്നാക്ക സംവരണം നല്‍കാന്‍. ഇപ്പോള്‍ സംവരണത്തിനായി പി.എസ്.സി കണ്ടെത്തിയ 1, 26, 51, 76 ടേണുകളില്‍ 26 ഉം 76 ഉം ടേണുകള്‍ മുസ്‌ലിം സമുദായ ക്വാട്ടയാണ്. സാമൂഹികനീതി വകുപ്പിന്റെ ഈ ഉത്തരവ് കെ.എസ്.എസ്.എസ്.ആറിലെ ചട്ടം 17 (2) (ബി) (ii)ന് വിരുദ്ധമാണ്.

ഇതിന് പി.എസ്.സിയും സര്‍ക്കാരും അംഗീകാരം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം മുസ്‌ലിം സമുദായത്തിന് ഉണ്ടാകും. സര്‍വ്വീസില്‍ ജനസംഖ്യയെക്കാള്‍ പ്രാതിനിധ്യമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്കായി മാത്രം നല്‍കുന്ന ഇ.ഡബ്യൂ.എസ് എന്ന പേരിലെ സവര്‍ണ സംവരണ ക്വാട്ടയില്‍ നിന്നോ പൊതു ക്വാട്ടയില്‍ നിന്നോ ആണ് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കാന്‍ എടുക്കേണ്ടത്.

സര്‍ക്കാര്‍ സര്‍വ്വീസിലെ സാമൂഹ്യ നീതി അട്ടിമറി നടത്തുന്ന 20 റൊട്ടേഷന്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാരോ പി.എസ്.സിയോ തയ്യാറാവാത്തത് മെറിറ്റില്‍ അട്ടിമറി നടത്തി സംവരണ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുസ്‌ലിം സംവരണത്തില്‍ കൈവെയ്ക്കാന്‍ തുനിയുന്നത്.

27 ശതമാനത്തിലധികമുള്ള മുസ്‌ലിം വിഭാഗത്തിന് ലഭിക്കുന്നത് കേവലം 12 ശതമാനം സംവരണം മാത്രമാണ്. ഇതില്‍ നിന്ന് രണ്ട് ശതമാനം കൂടി നഷ്ടപ്പെടുകയാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളെല്ലാം മുസ്‌ലിം വിഭാഗത്തിന് നിഷേധിക്കുന്ന വിവേചനപരമായ നടപടികളാണ് ഇടതുസര്‍ക്കാര്‍ തുടരുന്നത്. എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഭരണഘടനാനുസൃതമായ അവകാശങ്ങളും ആനുകുല്യങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. 

Tags:    

Similar News