സയണിസ്റ്റ് സൈന്യത്തിന്റെ കണ്ണില്ലാത്ത ക്രൂരത; ഭിന്നശേഷിക്കാരനായ ഫലസ്തീനിയുടെ ഭവനം തകര്‍ത്തു
ജറുസലേമിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഇസ്സാവിയയിലെ താമസക്കാരനായ ഭിന്നശേഷിക്കാരനായ ഹാതിം ഹുസൈന്‍ അബു റയാലയുടെ വസതിയാണ് സൈന്യം തകര്‍ത്തത്.
ജറുസലേം: അധിനിവിഷ്ട ജറുസലേമില്‍ ഭിന്ന ശേഷിക്കാരനായ ഫലസ്തീനിയുടെ ഭവനം ഇസ്രായേല്‍ അധിനിവേശ സേന തകര്‍ത്തു. ജറുസലേമിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ ഇസ്സാവിയയിലെ താമസക്കാരനായ ഭിന്നശേഷിക്കാരനായ ഹാതിം ഹുസൈന്‍ അബു റയാലയുടെ വസതിയാണ് സൈന്യം തകര്‍ത്തത്.
ജറുസലേം മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ അധിനിവേശ സേന ഫലസ്തീന്‍ മേഖലയില്‍ റെയ്ഡ് നടത്തുകയും വീട് വളയുകയും അനുമതിയില്ലാതെയാണ് നിര്‍മിച്ചതെന്നാരോപിച്ച് വീടുതകര്‍ക്കുകയുമായിരുന്നു.
ഇത് നാലാം തവണയാണ് അബു റയാലയുടെ വീട് പൊളിച്ചുമാറ്റുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ ആറാം തവണയാണ് ഇവ തകര്‍ക്കുന്നതെന്നു മറ്റു ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
നാല് അപാര്‍ട്ട്‌മെന്റുകളുള്ള ഇരു നില കെട്ടിടം തകര്‍ത്ത് 17 പേരെ ഭവന രഹിതരാക്കി ഒരാഴ്ച തികയുന്നതിനു മുമ്പാണ് അധിനിവേശ സൈന്യം റയാലയുടെ വീട് തകര്‍ത്തത്. ഇസ്സാവിയയുടെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്തിരുന്ന ആ ഇരു നില കെട്ടിടത്തില്‍അല്‍അക്‌സാ പള്ളിയിലെ ചീഫ് ഗാര്‍ഡ് ഫാദി അലിയാന്റെ അപ്പാര്‍ട്ട്‌മെന്റും ഉള്‍പ്പെട്ടിരുന്നു.