
ഖാന്‍ യൂനിസ്: ഗസ വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടം സംബന്ധിച്ച ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ വ്യാഴാഴ്ച ആരംഭിച്ചു. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ച് ഇസ്രായേല്‍, ഖത്തര്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ കെയ്റോയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഈജിപ്തിന്റെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസാണ് വിവരം നല്‍കിയത്. .
'ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും മേഖലയിലെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഗസയിലേക്കുള്ള മാനുഷിക സഹായ വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മധ്യസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്,' സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാണ് രണ്ടാം ഘട്ടം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗാസയില്‍ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, പ്രദേശത്തുനിന്ന് എല്ലാ ഇസ്രായേല്‍ സൈനികരെയും പിന്‍വലിക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നാം ഘട്ടത്തില്‍ മരിച്ച തടവുകാരെ തിരികെ കൊണ്ടുവരും.