ഗസയിലെ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍; 13 ബന്ദികളെ ഹമാസ് മോചിപ്പിക്കും

Update: 2023-11-24 05:07 GMT
ഗസ: ഒന്നരമാസത്തിലേറെയായി ഗസയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണത്തിന് താല്‍ക്കാലിക വിരാമം. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമ്മതിച്ചത്. ആദ്യഘട്ടത്തില്‍, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.

വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തില്‍ ബന്ദി കൈമാറ്റം നടക്കുക. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീനികളെയും വിട്ടുനല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകള്‍ ഗസയില്‍ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സങ്കേതങ്ങള്‍ അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി സന്ദര്‍ശിക്കണമെന്ന് നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ക്കരാറില്‍ പറയുന്നുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇതിനിടെ, ജബലിയ അഭയാര്‍ഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി.ഷെയ്ഖ് റദ്‌വാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 ഫലസ്തീന്‍ ജനതയും 1200 ഇസ്രായേല്‍ ജനതയുമാണ് കൊല്ലപ്പെട്ടത്.






Tags:    

Similar News