ഗസയിലെ വെടിനിര്‍ത്തലിനുള്ള യു.എന്‍ പ്രമേയം അംഗീകരിച്ച് ഹമാസും ഇസ്രായേലും
വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തലിനായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പിന്തുണച്ച പ്രമേയം അംഗീകരിച്ച് ഹമാസ്. യു.എസ് മുന്നോട്ടുവെച്ച പ്രമേയത്തെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പിന്തുണക്കുകയായിരുന്നു. പ്രമേയത്തിന് അനുകൂലമായി 14 വോട്ടുകള്‍ ലഭിക്കുകയും വാഷിങ്ടണ്‍ പ്രമേയത്തിന്റെ ഡ്രാഫ്റ്റ് അന്തിമമായി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രമേയത്തെ റഷ്യ പിന്തുണച്ചില്ല.
ഗസയിലെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ , ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണമായുള്ള പിന്മാറ്റം, ബന്ദികളെ മോചിപ്പിക്കല്‍ , ഗസയുടെ പുനര്‍നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. 'ഗസയിലെ സമ്പൂര്‍ണ്ണ വെടിനിര്‍ത്തലും ഇസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണമായ പിന്മാറ്റവും ഗസയുടെ പുനര്‍നിര്‍മാണവും ഉള്‍പ്പെടുന്ന യു.എന്നിന്റെ പ്രമേയത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബന്ദികളെ കൈമാറ്റം ചെയ്യാനും ഞങ്ങള്‍ക്ക് സമ്മതമാണ്. ഈ പ്രമേയം സ്വാഗതാര്‍ഹമാണ്,' ഹമാസ് നേതാക്കള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇസ്രായേലുമായി മധ്യസ്ഥരുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ചകള്‍ നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഹമാസ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ പ്രമേയത്തെ ഇസ്രായേല്‍ ആദ്യമേ തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ കരുതുന്ന വെടിനിര്‍ത്തല്‍ പ്രമേയത്തെ ഇസ്രായേല്‍ പിന്തുണക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
അധികം കാലതാമസമില്ലാതെ തന്നെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാനാണ് യു.എന്‍ ശ്രമിക്കുന്നത്. അത് തന്നെയാവും ഇരു രാജ്യങ്ങള്‍ക്കും ഗുണകരമെന്നും യു.എന്‍ വ്യക്തമാക്കി. പ്രമേയത്തിലെ ഒന്നാമത്തെ ഘട്ടത്തിന്റെ കാലാവധി ആറ് ആഴ്ചയാണ് . ഈ കാലാവധിയില്‍ വെടിനിര്‍ത്തല്‍ താത്കാലികമായി നിര്‍ത്തിവെക്കും. ഈ കാലയളവില്‍ ഇസ്രായേലും ഹമാസ് നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചകള്‍ ആറ് ആഴ്ചയില്‍ കൂടുതല്‍ നീണ്ടാല്‍ വെടിനിര്‍ത്തലും അത് വരെ നിര്‍ത്തിവെക്കുന്നതാണ്.
ഒപ്പം ഗസയിലെ ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്ന് ഇസ്രായേല്‍, സൈന്യത്തെ പിന്‍വലിക്കുകയും ഫലസ്തീന്‍ ബന്ദികളെ മോചിപ്പിക്കുകയും ചെയ്യണം. ഇതിന് പകരമായി ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കണം എന്നും പ്രമേയത്തില്‍ പറയുന്നു.
രണ്ടാം ഘട്ടത്തില്‍ എല്ലാ ബന്ദികളെയും ഇരു കൂട്ടരും മോചിപ്പിക്കണം. മൂന്നാം ഘട്ടത്തില്‍ ഇരു വിഭാഗങ്ങളിലുമുള്ള മരണപ്പെട്ട ബന്ദികളുടെ മൃതശരീരങ്ങള്‍ കൈമാറുന്നതും ഫലസ്തീന്‍ പുനര്‍നിര്‍മാണവും ഉള്‍പ്പെടുന്നു.