കണ്ണൂരില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി; 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്.
കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങിന് ഇരയായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷഹസാദ് മുബാറകാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 12 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. നാല് പേര്‍ നിലവില്‍ പോലിസ് കസ്റ്റഡിയിലുണ്ട്.
ഇക്കഴിഞ്ഞ അഞ്ചിനാണ് റാഗിങ് അരങ്ങേറിയത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഷഹസാദിനെ ശുചിമുറിയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഷഹസാദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്.
മര്‍ദ്ദനമേറ്റതിന് പിന്നാലെ ഷഹസാദ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിന്‍സിപ്പല്‍ പരാതി പോലിസിന് കൈമാറി. പിന്നാലെയാണ് 12 പേര്‍ക്കെതിരേ കേസെടുത്തത്. കസ്റ്റഡിയിലുള്ള സീനിയര്‍ വിദ്യാര്‍ഥികളെ പോലിസ് ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
കോളജ് അധികൃതരും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്. കേസെടുത്തവരുടെ പട്ടികയിലുള്ള ഒരു വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.