മാപ്പിളപ്പാട്ട് രചയിതാവും പണ്ഡിതനുമായ റഹിം കുറ്റ്യാടി അന്തരിച്ചു

'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഗാനം റഹിം കുറ്റ്യാടി 1972ലാണ് എഴുതിയത്.

Update: 2021-09-10 14:10 GMT

കോഴിക്കോട്: മാപ്പിള പാട്ട് രചയിതാവും മത പണ്ഡിതനും പ്രഭാഷകനുമായ റഹീം കുറ്റ്യാടി  (76) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം.


'ഉണ്ടോ സഖീ ഒരു കുല മുന്തിരി', 'സൗറെന്ന ഗുഹയില്‍ പണ്ട്' തുടങ്ങി നൂറോളം മാപ്പിള പാട്ടുകള്‍ രചിച്ചിട്ടുണ്ട്. ഗീത ബൈബിള്‍, ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍ തുടങ്ങി പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു. നാദാപുരം ഗവ. യു.പി സ്‌കൂളില്‍ അറബി അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഗാനം റഹിം  കുറ്റ്യാടി 1972ലാണ് എഴുതിയത്. ഇതി എ ടി ഉമ്മര്‍ സംഗീതം നല്‍കി 1975ല്‍ മദ്രാസിലാണ് റെക്കോഡ് ചെയ്തത്. റഹീമിന്റെ സഹോദരനും ഗായകനുമായ ഹമീദ് ഷര്‍വാനിയും ഷൈലജയുമാണ് ഇത് ആലപിച്ചത്. വളരെ പ്രശസ്തമായ ഗാനമായിരുന്നു ഇത്.


കുറ്റിയാടിയിലെ സാമൂഹിക പരിഷ്‌കര്‍ത്താവും മഖ്ദൂം കുടുംബാഗവുമായ എം അബ്ദുല്ലക്കുട്ടി മൗലവിയും ഫാത്തിമ മുസല്ലിയാരകത്തുമാണ് റഹിം കുറ്റിയാടിയുടെ മാതാപിതാക്കള്‍. ഭാര്യമാര്‍: ഹഫ്‌സ, സലീന. മക്കള്‍: എം ഉമൈബ (എന്‍എഎംഎച്ച് എസ്എസ് ടീച്ചര്‍ പെരിങ്ങത്തൂര്‍), റഹീന, നഈമ, തസ്‌നീം (അധ്യാപകന്‍), ഡോ. എം ഉമൈര്‍ ഖാന്‍ (അസി. പ്രഫ. ആര്‍യുഎ കോളജ്, ഫറൂഖ് കോളജ്), ഫായിസ് മസ്‌റൂര്‍, മുസ്‌ന, റഹ്മ, റസീം, ഫാസില്‍, ഇഹ്‌സാന്‍. മരുമക്കള്‍: പരേതനായ ഹമീദ് കരിയാട് (മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം), മുസ്തഫ (റോളക്‌സ് ട്രാവല്‍സ് കോഴിക്കോട്), റഫീഖ് റഷീദ് (സിനിമാട്ടോഗ്രാഫര്‍), സൗദ തസ്‌നീം, റസീന ഉമൈര്‍ (ടി എം കോളജ് നാദാപുരം). ഖബറടക്കം കുറ്റിയാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാത്രി പത്തിന്.


സഹോദരങ്ങള്‍: മഹ്മൂദ് , അബ്ദുല്‍ ജലീല്‍, അബ്ദുല്‍ മജീദ്, നൂറുദ്ദീന്‍, മറിയം, റുഖിയ, ശരീഫ, പരേതരായ സൈനുദ്ദീന്‍ , മാപ്പിള പാട്ട് ഗായകന്‍ ഹമീദ് ശര്‍വാനി, അബ്ദുല്‍ കരീം മൗലവി, നഫീസ.




Tags:    

Similar News