രണ്ടാംദിനം വഴിയിലായി വന്ദേഭാരത്; മേക്ക് ഇന്‍ ഇന്ത്യയില്‍ മോദിയെ വിമര്‍ശിച്ച രാഹുലിനെതിരേ ബിജെപി
ന്യൂഡല്‍ഹി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം വഴിയിലായ ഇന്ത്യയുടെ ആദ്യ അതിവേഗ ട്രെയിനായ വന്ദേ ഭാരതിനെ ചൂണ്ടിക്കാട്ടി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം ആവശ്യമാണെന്നും ഭൂരിപക്ഷം ആളുകളും പദ്ധതി പരാജയമാണെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞ രാഹുലിനെതിരേ റയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഹുല്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്കായി സേവനം ചെയ്ത മുഴുവന്‍ തൊഴിലാളികളെയും എന്‍ജിനിയര്‍മാരെ വിദഗ്ധരെയും അവഹേളിക്കുന്നുവെന്നാണ് പീയുഷ് ഗോയല്‍ ആരോപിച്ചത്. താങ്കളുടെ ഇത്തരം മനോഭാവത്തിനാണ് പുനര്‍വിചിന്തനം വേണ്ടതെന്നും പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ പറഞ്ഞു.
പുല്‍വാമയിലെ ഭീകരാക്രമണത്തിനു ശേഷവും വന്ദേ ഭാരത് എന്ന അതിവേഗ ട്രെയിന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തതു വിവാദമായതിനു പിന്നാലെയാണു ട്രെയിനിന്റെ ആദ്യ യാത്ര പശുവിനെ ഇടിച്ചതിനെത്തുടര്‍ന്ന് വഴിയിലായത്.