രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും;വന്‍ സ്വീകരണത്തിന് തയ്യാറെടുത്ത് യുഡിഎഫ്

നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നു ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Update: 2022-06-29 04:39 GMT

കല്‍പറ്റ: കല്‍പറ്റയിലെ ഓഫിസ് ആക്രമണത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പില്‍ യുഡിഎഫ്. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നു ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

നാളെ രാവിലെ 11.45ന് മാനന്തവാടി ഒണ്ടയങ്ങാടി സെന്റ്മാര്‍ട്ടിന്‍ പള്ളി പാരീഷ്ഹാളില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിങിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. 2.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ അദ്ദേഹം പങ്കെടുക്കും.3.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന എംപി ഫണ്ട് അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജനസംഗമത്തിലും സംബന്ധിക്കും.

ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് സുല്‍ത്താന്‍ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്തിലെ കോളിയാടിയില്‍ വച്ച് നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ജൂലൈ രണ്ടിന് രാവിലെ 9.30ന് നിലമ്പൂര്‍ കരുളായി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പടി വലാമ്പുറം കൊട്ടന്‍പാറ റോഡ് ഉദ്ഘാടനമാണ് രാഹുല്‍ഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11.35ന് വണ്ടൂര്‍ ചോക്കാട് ടൗണില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ആംബുലന്‍സ് ആന്റ് ട്രോമ കെയര്‍ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വണ്ടര്‍ മാമ്പാട് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

വൈകിച്ച് 4.15ന് വണ്ടൂര്‍ ഗോള്‍ഡന്‍വാലി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ ക്ലബ്ബുകള്‍ക്കുള്ള ജേഴ്‌സി വിതരണ ചടങ്ങും രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.10ന് വണ്ടൂര്‍ പോരൂര്‍ പുളിയക്കോട് കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പി എം കെ എസ് വൈ പദ്ധതി പ്രകാരം വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എംപിയുടെ പരിപാടികള്‍ക്ക് സമാപനമാകും.

Tags:    

Similar News