രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; കല്‍പ്പറ്റയില്‍ റോഡ് ഷോ

Update: 2024-04-03 05:19 GMT
രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും; കല്‍പ്പറ്റയില്‍ റോഡ് ഷോ

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് ആവേശോജ്വലമായ വരവേല്‍പ്പാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഒരുക്കിയിട്ടുള്ളത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കാത്തിരിപ്പിനൊടുവില്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ മൂപ്പെനാട് റിപ്പണ്‍ തലയ്ക്കല്‍ ഗ്രൗണ്ടിലാണ് രാവിലെ രാഹുല്‍ എത്തുക. 11 മണിയോടെ കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. ഇത്തവണ രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.

കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ മാസ്സ് പ്രചാരണ കാംപയിന്റെ തുടക്കമായിരിക്കും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ എന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ദീപദാസ് മുന്‍ഷി, കനയ്യകുമാര്‍ തുടങ്ങിയ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. വൈകീട്ട് മൂന്നുമണിയോടുകൂടി കല്‍പ്പറ്റയില്‍ നിന്നാണ് രാഹുല്‍ ഡല്‍ഹിക്ക് മടങ്ങുക എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.






Tags:    

Similar News