കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ച കേസില്‍ റിമാന്റിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. 29 പ്രതികള്‍ക്ക് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ വ്യാഴാഴ്ച ജയില്‍ മോചിതരാവും. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.
വയനാട് കല്‍പ്പറ്റയിലെ കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫിസാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്. പ്രകടനമായെത്തിയാണ് എസ്എഫ്‌ഐക്കാര്‍ ഷട്ടര്‍ പൊളിച്ച് ഓഫിസില്‍ തള്ളിക്കയറി നാശനഷ്ടം വരുത്തിയത്. പരിസ്ഥിതിലോല മേഖല വിഷയത്തില്‍ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്. ഇരുനൂറിലേറെ എസ്എഫ്‌ഐക്കാരാണു പ്രകടനത്തിലുണ്ടായിരുന്നത്. ഈ സമയം ഓഫിസ് പരിസരത്ത് ഏതാനും പോലിസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ നോക്കിനില്‍ക്കെയായിരുന്നു എസ്എഫ്‌ഐക്കാര്‍ ഷട്ടര്‍ പൊളിച്ച് ഓഫിസില്‍ കടന്നത്.
കാബിന്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ അടിച്ചുതകര്‍ത്ത അക്രമികള്‍ ഓഫിസില്‍ വാഴത്തൈ നാട്ടി. സംഭവം അറിഞ്ഞെത്തിയ പോലിസ് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിരിക്കുകയാണ്. താല്‍ക്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയാണ് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗം ഇടപെട്ട് രൂപീകരിച്ചത്.