ഏഷ്യാനെറ്റ് ന്യൂസ് ഓഫിസ് അതിക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; അഞ്ച് വകുപ്പുകള്‍ ചുമത്തി

Update: 2023-03-04 06:42 GMT

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനല്‍ ഓഫിസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഐപിസി 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരമാണ് കൊച്ചി സിറ്റി പോലിസിന്റെ നടപടി. അന്യായമായ കൂട്ടംചേരല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ഓഫിസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്നും പ്രഥമവിവര റിപോര്‍ട്ടിലുണ്ട്. കണ്ടാലറിയാവുന്ന മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും പോലിസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫിസിനകത്തേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു പ്രവര്‍ത്തകര്‍ നാലാം നിലയിലുള്ള ഓഫിസ് മുറിയിലേക്ക് അതിക്രമിച്ച് കടന്നത്.

ഓഫിസിനുളളില്‍ കയറി മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും യോഗം ചേരുകയും ചെയ്തു. ഒരുമണിക്കൂറോളം ഓഫിസില്‍ ബഹളംവച്ച പ്രവര്‍ത്തകരെ കൂടുതല്‍ പോലിസെത്തിയാണ് ഓഫിസില്‍ നിന്നും നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായരുടെ പരാതിയിലാണ് പാലാരിവട്ടം പോലിസ് കേസെടുത്തിട്ടുള്ളത്.

Tags:    

Similar News