കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫിസുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ഓഫിസുകള്‍ക്ക് മതിയായ പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അധികൃതര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന പോലിസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്ന സുരക്ഷ പോലിസ് ഉറപ്പാക്കണമെന്നും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഓഫിസുകള്‍ക്ക് ഇത് ബാധകമായിരിക്കുമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാര്‍ച്ച് മൂന്നിന് വൈകീട്ട് ഏഴരയോടെ മുപ്പതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ ഓഫിസില്‍ അതിക്രമിച്ചുകയറി പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഈ സംഭവത്തിനുശേഷവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുണ്ടെന്നും ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും പോലിസ് നടപടിയെടുത്തില്ലെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.