റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം; വാഹനങ്ങളുടെ പ്രവേശനം പുനഃക്രമീകരിക്കും; ഗതാഗത കുരുക്കില്‍ ആശങ്ക

വാഹനങ്ങളുടെ പ്രവേശനം ഡിസംബര്‍ 10 മുതല്‍ പുനഃക്രമീകരിക്കും

Update: 2024-12-05 11:05 GMT

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഡിസംബര്‍ 10 മുതല്‍ പുനഃക്രമീകരിക്കും. ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയില്‍ റെയില്‍വേ എന്‍ജിനിയര്‍മാര്‍, കോര്‍പ്പറേഷന്‍ എന്‍ജിനിയര്‍മാര്‍, പൊതുമരാമത്ത് റോഡ്സ് വിഭാഗം എന്‍ജിനിയര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ആനിഹാള്‍ റോഡ് ജങ്ഷന് സമീപമുള്ള എടിഎം കൗണ്ടര്‍ കെട്ടിടത്തിന്റെ വശത്തുകൂടിയായിരിക്കും സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം. സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കുകിഴക്കെ ഭാഗത്ത് (സംഗം തിയേറ്ററിനുസമീപം) കൂടിയായിരിക്കും പുറത്തേക്കുള്ള വഴി. ഇപ്പോഴുള്ള പ്രധാനകവാടം അടയ്ക്കുകയും ചെയ്യും. ഓട്ടോറിക്ഷകള്‍ക്ക് നിലവിലെ പ്രീപെയ്ഡ് കൗണ്ടറിനു സമീപമുള്ള കവാടം തന്നെയായിരിക്കും ഉണ്ടാവുക. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാനവഴി അടയ്ക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നാണ് നിഗമനം. ആനിഹാള്‍ റോഡില്‍ അഴുക്കുചാല്‍ അറ്റകുറ്റപ്പണി ആരംഭിച്ചതിനാല്‍ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് കൂടും. സംഗം തിയേറ്ററിനും ആനിഹാള്‍ റോഡ് ജങ്ഷനും ഇടയിലുള്ള ആല്‍മരത്തോട് ചേര്‍ന്നുള്ള പുറത്തേക്കുള്ള വഴിയില്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നും പോലിസ് പറയുന്നു.

Tags:    

Similar News