മാള: 2018 ലെ പ്രളയസമാനമായ സാഹചര്യത്തില്‍ മാള, കുഴൂര്‍, പൊയ്യ അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. പറമ്പിക്കുളത്തു നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടതിനാല്‍ അന്നമനട, കുഴൂര്‍, മാള, പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ ക്യാംപുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത്.
2018 ലെ പ്രളയത്തില്‍ വെളളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. വാണിജ്യസ്ഥാപനങ്ങള്‍ അവരുടെ സാധനസാമഗ്രികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി. ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് ക്യാംപുകളുടെ പ്രവര്‍ത്തനം. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് ക്യാംപുകളും അന്നമനട ഗ്രാമപ്പഞ്ചായത്തില്‍ അഞ്ച് ക്യാംപുകളും മാള ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് ക്യാംപുകളും പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ ഒരു ക്യാംപും വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ രണ്ട് ക്യാംപുമാണ് തുറന്നത്. പുത്തന്‍ചിറയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രൊജക്ട് കുന്നിലെ താമസക്കാരെ വെള്ളൂര്‍ സ്‌കൂളിലെ ക്യാംപിലാണ് താമസിപ്പിച്ചിരിക്കുന്നത്.
വെള്ളാങ്കല്ലൂര്‍ വള്ളിവട്ടം പ്രദേശങ്ങളില്‍ താമസിക്കുന്നവരെ കരൂപ്പടന്ന ഹൈസ്‌കൂളിലെ ക്യാംപിലേക്കാണ് മാറ്റിയത്. അന്നമനട ഗ്രാമപഞ്ചായത്തിലെ മേലഡൂര്‍ ഗവ. സമിതി ഹൈസ്‌കൂള്‍, അന്നമനട യുപി സ്‌കൂള്‍, വാളൂര്‍ ഹൈസ്‌കൂള്‍ തുടങ്ങിയ ക്യാംപുകളിലായി 90 കുടുംബങ്ങളില്‍ നിന്നായി 280 ആളുകളെ മാറ്റിത്താമസിപ്പിച്ചതായി അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് പറഞ്ഞു. മാള ഗ്രാമപ്പഞ്ചായത്തിലെ കോട്ടക്കല്‍ സ്‌കൂള്‍, മാള സര്‍ക്കാര്‍ യുപി സ്‌കൂള്‍, പഴൂക്കര സ്‌കൂള്‍ എന്നീ ക്യാംപുകളിലേക്ക് ആളുകളെ മാറ്റിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു.
വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡ് മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന 22 കുടുംബങ്ങളെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മാറ്റിപ്പാര്‍പ്പിച്ചു. 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ആറ് കുടുംബങ്ങളെ മുസാഫരിക്കുന്ന് മദ്‌റസ ഹാളിലാരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്കുമാണ് മാറ്റിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി ഗ്രാമപ്പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കരുതല്‍ ആരംഭിച്ചു.
പ്രസിഡന്റ് എം എം മുകേഷിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷറഫുദ്ദീന്‍, സെക്രട്ടറി കെ റിഷി, ജൂനിയര്‍ സൂപ്രന്റ് സാബുരാജ്, വാര്‍ഡ് മെമ്പര്‍മാരായ എം എച്ച് ബഷീര്‍, സദക്കത്തുള്ള, വില്ലേജ് ഓഫീസര്‍ ജോയ്‌സണ്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ എ താരിഖ്ബാബു എന്നിവരും പങ്കെടുത്തു. ശക്തമായ മഴയെത്തുടര്‍ന്ന് കട്ടിക്കരക്കുന്നില്‍ മണ്ണ് ഇടിഞ്ഞു വീണു. മാള ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 20 കാട്ടിക്കരക്കുന്നിലാണ് സംഭവം. കുഴിക്കാട്ട് വീട്ടില്‍ ത്യാഗരാജിന്റെ വീട്ടിലെ കിണറിന് സമീപത്താണ് മണ്ണ് ഇടിഞ്ഞുവീണത്. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു.