പെട്ടിമുടി ദുരന്തം: തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തി; ആകെ മരണം 65
ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇടുക്കി: ജില്ലയിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇനിയും കണ്ടെത്താത്തവര്‍ക്കായി നടക്കുന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തി. പതിനെട്ടാം ദിവസമായ ഇന്നലെയും തിരച്ചില്‍ നടന്നു. ഇന്നലെയോടെ തിരച്ചില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയര്‍ന്നതും തിരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കില്‍ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചില്‍ നിര്‍ത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ദേശിയ ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേര്‍ന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരുന്ന തിരച്ചില്‍.
ഏറെ ദുഷ്‌കരമായിരുന്ന ഉള്‍വനത്തിലെ തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് തിരച്ചില്‍ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള പുഴയിലെ കുത്ത് കേന്ദ്രീകരിച്ചും ദൗത്യ സംഘം തിരച്ചില്‍ നടത്തി. ഡീന്‍ കുര്യാക്കോസ് എം പി, സബ് കലക്ടര്‍ എസ്. പ്രേം കൃഷ്ണ, തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളി എന്നിവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദൗത്യം ഏകോപിപ്പിച്ച് റവന്യു -വനം- പഞ്ചായത്ത് വകുപ്പുകളും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.