രാജമല ദുരന്തം: തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനുള്ളത് 15 പേരെ

Update: 2020-08-14 01:18 GMT

ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഇന്നും തിരച്ചില്‍ തുടരും. അപകടം നടന്ന് എട്ടാം ദിവസമായ ഇന്ന് കന്നിയാറില്‍ കൂടുതല്‍ തിരച്ചില്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന നടത്തും. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും പരിശോധന തുടരും. അപകടത്തില്‍ അകപ്പെട്ട 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ആരെയും കണ്ടെത്തായില്ല. ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ദുരന്തമുണ്ടായ പെട്ടിമുടി ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിച്ചിരുന്നു. പെട്ടിമുടിയില്‍ പതിനഞ്ച് മിനിറ്റോളം സ്ഥിതി വിലയിരുത്തിയ ശേഷം തിരികെ മൂന്നാറിലേക്ക് സംഘം മടങ്ങി. ഒരു മണിയോടെ മൂന്നാര്‍ ടീ കൗണ്ടിയില്‍ അവലോകന യോഗം നടത്തി. യോഗത്തിന് മുമ്പായി മുഖ്യമന്ത്രി ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. അരമണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തത്തിനിരയായവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കില്ലെന്നും അറിയിച്ചു.


Tags:    

Similar News